മസ്കത്ത്: ന്യൂനമർദം മൂലം ഒമാനിൽ നാല് ദിവസങ്ങളിലായി പെയ്ത മഴയിൽ ഖുറിയാത്തിലെ വാദീ ദൈഖ അടക്കമുള്ള ഡാമുകളിൽ ജലനിരപ്പ് ഉയരുകയും ചിലത് നിറഞ്ഞു കവിയുകയും ചെയ്തു. ഖുറിയാത്തിലെ വാദീ ദൈഖ ഡാം വ്യാഴാഴ്ച തുറന്നിരുന്നു.
ഡാമിൽ അടിഞ്ഞുകൂടിയ ചണ്ടികളും മറ്റ് അവശിഷ്ടങ്ങളും ഒഴുക്കിക്കളയാനും വെള്ളം ശുദ്ധീകരിക്കാനുമാണ് കുറച്ചുസമയത്തേക്ക് തുറന്നിട്ടതെന്ന് കാർഷിക മന്ത്രാലയത്തിലെ ഡാം വിഭാഗം അധികൃതർ വ്യക്തമാക്കി. ഇസ്കി വിലായത്തിലെ വാദീ ഇംതി ഡാമും ശക്തമായ മഴ കാരണം നിറഞ്ഞു. ഡാമിന് ഏഴ് ലക്ഷം ഘന മീറ്റർ ജലം സംഭരിക്കാനുള്ള ശേഷിയാണുള്ളത്. ശർഖിയ ഗവർണറേറ്റിലെ അൽ ഖാബിൽ ഡാമും മഴകാരണം നിറഞ്ഞിരുന്നു.
ഒമാനിൽ മൊത്തം 174 ഡാമുകളാണുള്ളത്. ഇതിൽ 56 എണ്ണം ഭുഗർഭ ജല ഡാമുകളാണ്. 115 ഡാമുകൾ മഴ വെള്ളം സംഭരിക്കാനും മൂന്ന് ഡാമുകൾ പ്രളയ സംരക്ഷണത്തിനുമാണ്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ പ്രളയ സംരക്ഷണത്തിനായി മൂന്ന് ഡാമുകൾ നിർമിക്കാൻ അടുത്തിടെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടിരുന്നു.
മസ്കത്തിലെ വാദി അൽ അൻസാബ്, ശർഖിയ ഗവർണറേറ്റിലെ വാദീ തഹ്വ, ബാത്തിന ഗവർണറേറ്റിലെ വാദീ അൽ സുഹൈമി എന്നിവയാണ് പുതുതായി നിർമിക്കാൻ പോകുന്ന ഡാമുകൾ. പൊതുജനങ്ങളെ മഴ മൂലമുണ്ടാവുന്ന നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം മഴവെള്ളം സംഭരിച്ച് കാർഷിക ആവശ്യങ്ങൾക്കും വിനോദസഞ്ചാരത്തിനും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
ന്യൂനമർദത്തിന്റെ ഭാഗമായി ഗവർണറേറ്റുകളിലെ പല വിലായത്തുകളിലും കനത്ത മഴയാണ് പെയ്തത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ശിനാസിലാണ്. 200 മില്ലിമീറ്റർ മഴയാണ് നാല് ദിവസങ്ങളിലായി ലഭിച്ചത്.
ദിബ്ബയാണ് രണ്ടാം സ്ഥാനത്ത്. 169 മില്ലിമീറ്റർ മഴ ലഭിച്ചു. യങ്കൽ, അൽ അവാബി 144, സൂർ 139, മദ്ഹ 138, ബുറൈമി 125, ദിമാ വ തായീൻ 121, ഇസ്കി 120, ജബൽ അഖ്ദർ 119, ബർക 118, ഇബ്ര 118, ഖുറിയാത്ത് 101 മില്ലിമീറ്റർ എന്നിങ്ങനെയാണ് വിവിധ ഇടങ്ങളിൽ ലഭിച്ച മഴയുടെ അളവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.