മസ്കത്ത്: കനത്ത മഴയിൽ നാശനഷ്ടങ്ങൾ നേരിട്ട വടക്കൻ ഗവണറേറ്റുകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. സർക്കാർ സംവിധാനങ്ങളൊടൊപ്പം സന്നദ്ധ പ്രവർത്തകരും കൈകോർത്താണ് പ്രവൃത്തികൾ നടത്തുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകിയാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. വടക്കൻ ശർഖിയ, ബാത്തിന, ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ റോഡിലെ തടസ്സങ്ങളും വീടുകളിലും കടകളിലും അടിഞ്ഞുകൂടിക്കിടക്കുന്ന ചളികളും നീക്കുന്ന ജോലിയാണ് വെള്ളിയാഴ്ചയും നടന്നത്. വാരാന്ത്യ അവധിയായതിനാൽ കൂടുതൽ ആളുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെത്തിയിരുന്നു. പലയിടത്തും റോഡുകൾ തകർന്നുകിടക്കുന്നതിനാൽ അവശ്യസാധനങ്ങളെത്തിക്കാൻ പ്രയാസം നേരിടുന്നുണ്ട്. ബുറൈമി ഗവർണറേറ്റിലെ അൽ ഫേ ഏരിയയിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങളും വൈദ്യസഹായവും എത്തിച്ചതായി അധികൃതർ അറിയിച്ചു.
റോഡുകളിലേക്കുവീണ കല്ലുകളും മണ്ണുകളും മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കി പ്രധാന പാതകളെല്ലാം ഗതാഗതയോഗ്യമാക്കി വാഹനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വീടുകളിൽ ചളികളൊക്കെ പലതിലും നീക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇവയിൽ താമസം തുടങ്ങുന്നതിന് ദിവസങ്ങൾ എടുക്കേണ്ടിവരും. അഭയ കേന്ദ്രങ്ങളിലേക്ക് മറ്റിത്താമസിപ്പിച്ചവരിൽ ഭൂവിഭാഗംപേരും വീടുകളിലേക്കു മടങ്ങിയെത്തി. കനത്ത മഴയെത്തുടർന്ന് നാലഞ്ച് ദിവസം പലയിടത്തും കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനായിരുന്നില്ല. എന്നാൽ, വെള്ളിയാഴ്ച ഇവിയിൽ ഭൂരിഭാഗവും തുറന്ന് പ്രവർത്തിച്ചത് സാധാരണകാർക്ക് ആശ്വാസമായി.
റോയൽ ഒമാൻ നേവി, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, റോയൽ ഒമാൻ പൊലീസ്, വിവിധ മുനിസിപ്പാലിറ്റികൾ തുടങ്ങിയവയുടെ ഏകോപനത്തിൽ സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ദുരിതാശ്വാസ-ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കനത്തമഴയിൽ രാജ്യത്ത് 21 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.ഇവയിൽ പകുതിപേരും കുട്ടികളാണ് എന്നതാണ് ഏറെ സങ്കടകരം. കണ്ടെത്താനാകാത്ത മറ്റു രണ്ട് വ്യക്തികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.