മസ്കത്ത്: വടക്കൻ, ദോഫാർ ഗവർണറേറ്റുകളിൽ മേയ് നാലുവരെ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. 20 മുതൽ 60 മില്ലിമീറ്റർ വരെ മഴ വിവിധ ഇടങ്ങളിൽ ലഭിച്ചേക്കും.വാദികൾ നിറഞ്ഞൊഴുകും.അതേസമയം, പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ വ്യാഴാഴ്ചയായിരിക്കും ഏറ്റവും കൂടുതൽ മഴയുണ്ടാവുക. 30 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നത്. ബുറൈമി, വടക്ക്-തെക്ക് ബാത്തിന, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, മുസന്ദം, ദാഹിറ, ദാഖിലിയ ഗവർണറേറ്റുകളിൽ മഴ ലഭിച്ചേക്കും.
താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരും വാദികൾക്ക് സമീപം താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ മുൻ കരുതലെടുക്കണമെന്ന് ഒമാനിലെ നിരവധി കമ്പനികൾ ജീവനക്കാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. മഴക്ക് മുമ്പ് ഐ.ടി ഉപകരണങ്ങൾ കവർ ചെയ്ത് മഴ ബാധിക്കാത്ത ഇടങ്ങളിലേക്ക് മാറ്റണമെന്ന നിർദേശങ്ങളാണ് കമ്പനികൾ നൽകിയിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ള ഗോഡൗണുകളിൽനിന്ന് സ്റ്റോക്ക് ചെയ്ത ഉൽപന്നങ്ങൾ മാറ്റണമെന്നും ചില കമ്പനികൾ നൽകിയ നിർദേശത്തിലുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഒലിച്ച് വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും വാഹനങ്ങൾ മാറ്റണം. വാദിക്ക് സമീപവും മറ്റും താമസിക്കുന്നവർ ശക്തമായ മഴയാണെങ്കിൽ ഉടൻ മാറണമെന്നും നിർദേശത്തിലുണ്ട്.
മഴയും കാറ്റുമുണ്ടാവുമ്പോൾ താമസ ഇടങ്ങളിൽനിന്ന് പുറത്തിറങ്ങുന്നത് അപകടകരമാണ്. കാറ്റിൽ ബോർഡുകളും മറ്റും തകർന്ന് വീണ് അപകട സാധ്യത കൂടുതലാണ്.
ഒമാന്റെ എല്ലാ ഭാഗത്തും മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. യാത്ര ചെയ്യുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം. വാദികളുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. വെള്ളം ചെറുതായി ഒഴുകുന്നുണ്ടെങ്കിൽ പോലും വാഹനം ഇറക്കരുത്. ഇത്തരം മേഖലകളിൽ വാഹനമിറക്കുമ്പോൾ വെള്ളം ഒഴുകി എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. സമീപ പ്രദേശത്ത് മഴ ഇല്ലെങ്കിൽപോലും ദൂരെയുള്ള മലകളിലും മറ്റും പെയ്യുന്ന മഴ വാദികളിൽ കൂടി ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന ധാരണയുണ്ടായിരിക്കണം.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മറ്റും താമസ ഇടത്തിന്റെ മേൽക്കൂര ശരിയാക്കി കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തില്ലെന്ന് ഉറപ്പാക്കണം. വെള്ള കെട്ടുകൾക്ക് സമീപമുള്ള മതിലുകൾക്ക് അടുത്ത് നിൽക്കരുത്. താമസ ഇടങ്ങൾക്ക് ചുറ്റും വെള്ളം ഒഴുകിപ്പോവാൻ സൗകര്യമൊരുക്കണം.
അതേസമയം, രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.