മസ്കത്ത്: രാജ്യത്ത് തുടർച്ചയായി പെയ്യുന്ന മഴ തിങ്കളാഴ്ച മുതൽ ദുർബലമാകുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം, രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് ഞായറാഴ്ചയും ലഭിച്ചത്.
ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് മഴ പെയ്തത്. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ. സമൈൽ, ജഅലാൻ ബാനി ബൂ അലി, സുവൈഖ്, ഷിനാസ്, ഇബ്രി, ആദം, നിസ്വ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചത്.
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രതപാലിക്കണമെന്നും മുറിച്ചുകടക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. വിവിധ വിലായത്തുകളിലെ വാദികളിൽ അകപ്പെട്ടവരെ റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും രക്ഷിച്ചു.
ദാഹിറ ഗവർണറേറ്റിലെ ധങ്ക് വിലായത്തിലെ വാദിയിൽ കുടുങ്ങിയയാളെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി. ധങ്കിലെ വാദി അൽ അവൈനയയിൽ വാഹനവുമായായിരുന്നു ഇയാൾ അകപ്പെട്ടിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
മന വിലായത്തിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ മൂന്നു പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് രക്ഷിച്ചത്. ഇതിൽ ഒരു സ്ത്രീ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മറ്റു രണ്ടു പേർ സുഖമായിരിക്കുന്നുവെന്ന് ദാഖിഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ പറഞ്ഞു. ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഞായറാഴ്ച രാവിലെവരെ 109 പേരെയാണ് സി.ഡി.എ.എ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലാണ്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച രാവിലെ ഒമ്പതു മണി വരെ 110 മില്ലിമീറ്റർ മഴയാണ് ഇവിടെ കിട്ടിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
മുസന്ദം ഗവർണറേറ്റിലെ ഖസബിൽ 90 മില്ലി മീറ്ററും വടക്കൻ ശഖിയയിലെ സിനാവ്, ദാഖിലിയ ഗവർണറേറ്റിലെ ആദമിൽ 80 മില്ലിമീറ്റർ മഴയും കിട്ടി. വടക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ ഖാബിൽ- 75 മി.മീ, ദഖിലിയ ഗവർണറേറ്റിലെ നിസ്വയിൽ 68 മി.മീ, ബുറൈമി ഗവർണറേറ്റിലെ മഹ്ദ- 64 മി.മീ, ദാഖിലിയയിലെ മന- 63 മി.മീ, അൽ ഹംറയി-62 മി.മീ, ദാഹിറ ഗവർണറേറ്റിലെ യാങ്കുൾ -61 മി.മീ, വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഷിനാസിൽ 60 മില്ലി മീറ്റർ മഴയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.