മമസ്കത്ത്: കനത്ത മഴയെത്തുടർന്ന് രാജ്യത്തെ വിവിധ വാദികളിൽ അകപ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചു. റുസ്താഖ് വിലായത്തിൽ വാദി അൽ സഹ്താനിൽപെട്ട് രണ്ടു കുട്ടികളും വാദി ബാനി ഔഫിൽ ഒരു കുട്ടിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ വാദിയിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി. വ്യാഴാഴ്ച ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ ജബൽ ശംസ് ഗ്രാമത്തിലെ വാദിയിൽപെട്ട് ഏഷ്യൻ വംശജൻ മരിച്ചിരുന്നു.
വാദി അൽ സഹ്താനിൽ ഒമ്പതും പത്തും വയസ്സുള്ള കുട്ടികളാണ് മരിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നാട്ടുകാർ ചേർന്നാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. വാദി ബനീ ഔഫിൽ ആറു വയസ്സുള്ള കുട്ടിയാണ് മരിച്ചത്.
വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ചയും ശക്തമായ മഴയാണ് ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകുകയാണ്. ഉൾഭാഗങ്ങളിൽ റോഡുകളിലേക്കും ചളിയും മണ്ണും അടിഞ്ഞുകൂടി ഗതാഗതതടസ്സവും നേരിട്ടു. വിവിധ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
വിവിധ ഇടങ്ങളിൽ കുടുങ്ങിയവരെ റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും (സി.ഡി.എ.എ) നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ വാദിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. സുഹാർ വിലായത്തിലെ സൈഹ് അൽമകേരിമി വാദിയിലായിരുന്നു ഇയാൾ അകപ്പെട്ടിരുന്നത്. ഇയാൾ ആരോഗ്യവാനാണെന്ന് സി.ഡി.എ.എ അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത്ത് പാർക്കിലേക്കുള്ള റോഡ് റോയൽ ഒമാൻ പൊലീസ് അടച്ചു. കനത്ത മഴയിൽ വാദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
അതേസമയം, ശനി, ഞായർ ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി കാലാവസ്ഥ മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയായിരിക്കും മഴ വർഷിക്കുക. മസ്കത്ത്, ദോഫാർ, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, ദാഖിലിയ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിൽ 20 മുതൽ 80 മി.മീ. വരെ മഴ പെയ്തേക്കും. മണിക്കൂറിൽ 40-80 കി.മീ. ആയിരിക്കും കാറ്റിന്റെ വേഗത. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെയും ബാധിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.