മസ്കത്ത്: റമദാൻ പടിവാതിലിലെത്തി നിൽക്കെ വിപണി സജീവമായി. വാരാന്ത്യ അവധി ദിവസമായ ഇന്നലെ മാർക്കറ്റിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. റമദാൻ കാലത്ത് സ്വദേശികൾ ഏറെ ഇഷ്ടപ്പെടുന്ന ചില വസ്തുക്കൾക്കാണ് പ്രിയമേറെ. വിംറ്റോ, അത്തിപ്പഴം, ഉണക്ക മുന്തിരി, ഡ്രൈ ഫ്രൂട്ട്, ഒലീവ് കായ, മുന്തിരി ഇല എന്നിങ്ങനെ പാരമ്പര്യ നോമ്പതുറ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയാണുള്ളത്. പുതു തലമുറയിലെ ഭക്ഷണരീതികളിൽ സാന്നിധ്യം അറിയിക്കുന്ന ജെല്ലി, ചൈന ഗ്രാസ്, കസ്റ്റേഡ് പൗഡർ, വിപ്പിങ് ക്രീം, കേക്ക് മിക്സ്, ഫ്രഷ് ക്രീം എന്നിങ്ങനെയുള്ള സാധനങ്ങൾക്കും നല്ല വിൽപനയാണെന്ന് കച്ചവടക്കാർ പറയുന്നു.
അടുക്കള സാധനങ്ങൾക്കും ഒരു സമയം ഉപയോഗിക്കുന്ന പാർസൽ കണ്ടെയ്നറുകൾ, ഫോയിൽ, ഗ്ലാസ്, വിരിപ്പ് തുടങ്ങിയവയും വിറ്റുപോകുന്നുണ്ട്. റമദാൻ കാലത്ത് അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ പുതിയത് വാങ്ങുക എന്നത് ഇന്നും പല സ്വദേശികളും അനുവർത്തിച്ചു പോരുന്നുണ്ട്. അതുകൊണ്ടു തന്നെ ചെമ്പ് പാത്രങ്ങൾ, കാസറോൾ, കുക്കർ, േപ്ലറ്റ്, മിക്സി എന്നിവയും വിൽപനയിൽ മുന്നിലുണ്ട്.
ഇഫ്താർ ടെൻറുകൾ ഉയരാത്തതിനാൽ കാറ്ററിങ് മേഖലയിൽ ഉണർവ് വന്നിട്ടില്ല. ആടുമാടുകളെ വളരെ മുമ്പ് തന്നെ വിവിധയിടങ്ങളിൽനിന്ന് വരുത്തി ശേഖരിച്ചുവെക്കുക പതിവുണ്ടെങ്കിലും മുമ്പത്തെ പോലെ വിശാലമായ ഒരുക്കം കാറ്ററിങ് മേഖലയിൽ തുടങ്ങിയിട്ടില്ല. അതേസമയം, അവസാന നിമിഷത്തിൽ അനുമതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ.
വിദേശികൾ റമദാൻ സാധനങ്ങൾ വാങ്ങൽ തുടങ്ങിയിട്ടില്ല. പലവ്യഞ്ജനങ്ങളും പഴങ്ങളുമാണ് മുഖ്യമായും ശേഖരിക്കുക. ഈത്തപ്പഴവും കരുതും. പാകിസ്താനികളാണെങ്കിൽ റൂഹ് അഫ്സ എന്ന പാനീയത്തിനാണ് പ്രിയം. ബംഗ്ലാദേശി സ്വദേശികളാണെങ്കിൽ പൊരിയും കടലയും സമൂസയും എണ്ണക്കടികളും കൊണ്ട് നോമ്പിനെ വരവേൽക്കും.
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സജീവമാകുന്ന റമദാൻ വിപണി പിടിക്കാൻ നിരവധി ഓഫറുകളും കോമ്പോ വിൽപനയുമായി മാളുകളും സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ സജീവമാണ്. കസ്റ്റമറെ ആകർഷിക്കാൻ റാഫിൽ ഡ്രോകളും വലിയ കാറുകളും സമ്മാനമായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.