മസ്കത്ത്: റമദാനിലെ ഉംറ യാത്രക്ക് ചെലവ് വർധിച്ചതോടെ സ്ഥിരമായി ഉംറക്ക് പോയിരുന്ന ഗ്രൂപ്പുകൾ പലതും പിന്നോട്ടടിക്കുന്നു. റമദാനിൽ അവസാന പത്തിലാണ് മക്കയിലും മദീനയിലും തിരക്ക് ഏറ്റവും കൂടുതൽ വർധിക്കുന്നത്. അതിനാൽ അവസാന പത്തിൽ ചെലവും വൻതോതിൽ ഉയർന്നു. താമസ സൗകര്യങ്ങൾക്കാണ് റമദാനിൽ ഡിമാന്റ് വർധിക്കുന്നത്. ഇത് കാരണം ഉംറ നിരക്കും കൂടിയിരിക്കുകയാണ്. ഉംറയാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ റമദാനിൽ ഒരാൾക്ക് ഒരു ഉംറ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സൗദി അധികൃതരും വ്യക്തമായിട്ടുണ്ട്. തങ്ങൾ സ്ഥിരമായി ഉംറ യാത്ര സംഘടിപ്പിക്കാറുണ്ടെന്നും എന്നാൽ റമാദാനിൽ ഉംറ സേവനം നടത്താൻ കഴിയില്ലെന്നും മസ്കത്ത് സുന്നി സെന്ററിന്റെ മുഹമ്മദലി ഫൈസി പറഞ്ഞു. ഈ റമദാനിൽ അവസാന പത്തിൽ ഉംറക്ക് പോവുന്നവരിൽനിന്നും 300ലധികം റിയാലെങ്കിലും ഈടാക്കേണ്ടി വരും. എന്നാലും സൗകര്യമുള്ള താമസ ഇടങ്ങൾ കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. മക്കയിലും മദീനയിലും ഹറമുകൾക്ക് സമീപം താമസ സൗകര്യം കിട്ടാൻ തന്നെയില്ല. കിട്ടാനുള്ളവ ഹറമുകളിൽനിന്ന് ഏറെ ദൂരത്താണ്. അവിടെനിന്ന് ഹറമുകളിലെത്താൻ ഏറെ സമയമെടുക്കും. ഇത് ഉംറ യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൂരെയുള്ള താമസ ഇടങ്ങൾക്കുപോലും വൻ നിരക്കാണ് ഈടാക്കുന്നത്. അതിനാൽ റമദാനിൽ ഉംറയാത്ര നടത്തുന്നില്ലെന്നും ഈദിന് ശേഷം ഉംറ യാത്ര നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മലയാളി ഗ്രൂപ്പായ സൽസബീലിന്റെ ഉംറ യാത്ര റമദാൻ ഒമ്പതിന് രാവിലെ സുബഹി നമസ്കാര ശേഷം റൂവി ഖാബൂസ് മസ്ജിദ് പരിസരത്തുനിന്ന് പുറപ്പെടുമെന്ന് യാത്ര നയിക്കുന്ന ഫസൽ കതിരുർ പറഞ്ഞു. റമദാൻ ആദ്യമായതിനാലും നേരത്തെ ബുക്ക് ചെയ്തതിനാലും ചെലവ് കുറവാണ്. യാത്രക്കാരിൽനിന്നും 190 റിയാലാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മക്കയിലെത്തുന്ന സംഘം അഞ്ച് ദിവസം മക്കയിൽ തങ്ങിയശേഷം മദീനയിലേക്ക് പോവുമെന്നും റമദാൻ 19ന് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ നിരവധി പേരാണ് റമദാനിൽ ഉംറക്ക് പേവാറുള്ളത്. ഒമാനിലെ നിരവധി സാമുഹിക കൂട്ടായ്മകളും യാത്രക്ക് സൗകര്യം ഒരുക്കാറുമുണ്ട്. അല്ലാതെ വാഹനത്തിലും വിമാനത്തിലുമായി സ്വന്തമായി പോവുന്നവരും നിരവധിയാണ്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷമായി റമദാനിലെ ഉംറ യാത്ര ചെലവേറുകയാണ്. എല്ലാ രാജ്യങ്ങളിൽ നിന്നും റമദാനിൽ ഉംറ നടത്താൻ കൂടുതൽ പേർ എത്തുന്നതാണ് തിരക്ക് വർധിക്കാൻ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.