മസ്കത്ത്: ഒമാനിൽ പള്ളികളിലും പൊതു സ്ഥലങ്ങളിലും ഇഫ്താറുകളില്ലാത്ത മൂന്നാം റമദാൻ. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഏറെ കരുതലോടെയാണ് ആരോഗ്യ മന്ത്രാലയം റമദാൻ മാസത്തെ സമീപിക്കുന്നത്. കഴിഞ്ഞ റമദാനിൽ ഏറെ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും പെരുന്നാളിനുശേഷം കോവിഡ് കേസുകൾ രണ്ടായിരത്തിലെത്തിയിരുന്നു. ഇതൊക്കെ മുന്നിൽക്കണ്ട് റമദാനിലെ പ്രാർഥനകൾക്കും മറ്റും കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ നിശ്ചയിച്ചിരിക്കുന്നത്. മസ്ജിദുകളിലും ടെൻറുകളിലും പൊതുസ്ഥലങ്ങളിലും സമൂഹ ഇഫ്താറുകൾ സംഘടിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്ന് അധികൃതർ ഭയക്കുന്നു. കഴിഞ്ഞ രണ്ടുവർഷമായി സമൂഹ ഇഫ്താറുകളില്ലാതെയാണ് റമദാൻ കടന്നുപോയത്.
ആദ്യ കോവിഡ് റമദാൻ സമ്പൂർണ ലോക്ഡൗണിലായിരുന്നു. അതിനാൽ പ്രവാസികൾ അടക്കമുള്ളവർ സ്വന്തം ഫ്ലാറ്റുകളിലും താമസയിടങ്ങളിലുമാണ് ഇഫ്താർ ഒരുക്കിയത്. ഹോട്ടലുകളും കഫ്റ്റീരിയകളും അടഞ്ഞുകിടന്നതിനാൽ ഒറ്റക്ക് താമസിക്കുന്നവരാണ് ഏറെ പ്രയാസം അനുഭവിച്ചത്. കഴിഞ്ഞ റമദാനിൽ ഹോട്ടലുകളും കഫ്റ്റീരിയകളും തുറന്നിരുന്നെങ്കിലും രാത്രികാല കർഫ്യൂ നില നിന്നിരുന്നു. വൈകീട്ട് ഹോട്ടലുകളിൽനിന്നും മറ്റും ലഭിക്കുന്ന പാർസൽ ഉപയോഗപ്പെടുത്തിയാണ് പലരും ഇഫ്താറും അത്താഴവുമൊക്കെ നടത്തിയിരുന്നത്.
എന്നാൽ, കോവിഡ് ഭീതി ഒഴിഞ്ഞതോടെ മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും ഇഫ്താറുകൾ നടക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. മസ്ജിദുകളിലും പൊതു സ്ഥലങ്ങൾക്കുമൊപ്പം സാമൂഹിക സംഘടനകൾ നടത്തുന്ന ഇഫ്താറുകളും ഒറ്റക്ക് താമസിക്കുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ അനുഗ്രഹമായിരുന്നു. ഇത്തരക്കാർക്ക് സാമ്പത്തിക ചെലവ് ഏറെ കുറയുകയും പണം കൂടുതൽ മിച്ചം വെക്കാൻ കഴിയുകയും ചെയ്യുന്ന മാസമായിരുന്നു റമദാൻ.
കുടുംബമായി ജീവിക്കുന്നവരിൽ ചിലരും മസ്ജിദ് ഇഫ്താറുകളെയും ടെൻറുകളിലും മറ്റും സംഘടിപ്പിക്കുന്ന ഇഫ്താറുകളെയും ആശ്രയിച്ചിരുന്നു. ചെലവ് കുറക്കുന്നതോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിലും മറ്റുമുണ്ടാവുന്ന സമയനഷ്ടം ഒഴിവാക്കാനും സമൂഹ ഇഫ്താറുകൾ സഹായകമായിരുന്നു. അതിനാൽ കുടുംബ സമേതം മസ്ജിദുകളിലും ഇഫ്താർ ടെൻറുകളിലും എത്തുന്നവരും നിരവധിയാണ്. മസ്ജിദുകളിലും മറ്റും മെച്ചപ്പെട്ട ഭക്ഷണമായിരുന്നു ഇഫ്താറിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.