മസ്കത്ത്: റമദാൻ മാസത്തിലും സമൂഹങ്ങൾക്കിടയിൽ കായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിനുമായി മാർസ അൽ ഖൈറിന് തുടക്കമായി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മുസന്ദം ഗവർണറേറ്റും ഒ.ക്യുവും ആണ് ഇത് നടപ്പാക്കുന്നത്. പരിസ്ഥിതി സൗഹൃദ ബോട്ടിൽ രാജ്യത്തെ ഏഴ് തീരദേശ ഗവർണറേറ്റുകളിലെ കടലിലൂടെ ഒരു സംഘം ആളുകൾ സഞ്ചരിക്കുന്നതാണ് മാർസ അൽ ഖൈർ. റമദാനിൽ തീരദേശ ഗവർണറേറ്റുകളിൽ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. കടലുമായുള്ള ഒമാനികളുടെ ശക്തമായ ബന്ധവും രാജ്യത്തിന്റെ സമുദ്ര പാരമ്പര്യവും യുവതലമുറക്ക് പ്രദർശിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
‘മാർസ അൽ ഖൈർ’മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി ഫ്ലാഗ് ഓഫ് ചെയ്തു. ഇവിടെനിന്ന് പുറപ്പെടുന്ന ബോട്ട് വടക്കൻ ബാത്തിന, സൗത്ത് ബാത്തിന, തെക്കൻ ശർഖിയ, ദോഫാർ, അൽ വുസ്ത എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് മസ്കത്തിൽ അവസാനിക്കും. സ്കൂൾ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി നിരവധി കായിക വിനോദ പരിപാടികൾ ഓരോ തുറമുഖത്തും ആസൂത്രണം ചെയ്തിട്ടുണ്ട്. ബീച്ചിലും പരമ്പരാഗത ഗെയിമുകളിലും ഏർപ്പെടാൻ സ്കൂൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക, കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക, കമ്യൂണിറ്റി പങ്കാളിത്ത പദ്ധതികളിൽ സഹകരിക്കാൻ യുവാക്കൾക്കും കമ്പനികൾക്കും അവസരമൊരുക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അവബോധം വളർത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.