മസ്കത്ത്: മസ്കത്തിൽ നടന്ന സോക്കർ കാർണിവലിൽ അനൗൺസ്മെന്റ് പറഞ്ഞപ്പോൾ മലപ്പറുത്തെ മൈതാനിയിലെ അതേ അനുഭവമാണ് തനിക്കുണ്ടായതെന്ന് റാഷിദ് കോട്ടക്കൽ. കളികാണാനെത്തിയ ആയിരങ്ങൾ ഏറെ ആവേശത്തോടെയാണ് കളി ആസ്വദിച്ചത്. സോക്കർ കാർണിവലിനെത്തിയ ഓരോ പ്രവാസിയും കളി നന്നായി ആസ്വദിച്ചിരുന്നു. ആവേശകരമായ ഈ ഫുട്ബാൾ മാമാങ്കത്തിൽ പ്രഗത്ഭരായ ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളും എത്തിയത് കാണികൾക്ക് ആവേശം വർധിപ്പിച്ചു. കേരളത്തിൽ നിന്നുള്ള പ്രഗത്ഭ താരങ്ങൾ പങ്കെടുത്തത് ടൂർണമെന്റിന്റെ നിലവാരം ഉയർത്താൻ കാരണമായി.
സോക്കർ കാർണിവൽ ഏറെ ഭംഗിയായി സംഘടിപ്പിക്കാൻ കഴിഞ്ഞതിനാൽ വരും വർഷങ്ങളിലും മസ്കത്തിലെ പ്രവാസി മലയാളികൾ സോക്കർ കാർണിവലിനായി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോക്കർ കാർണിവലിന് മലപ്പുറത്തുനിന്ന് മസ്കത്തിലെത്തിയ റാഷിദ് തന്റെ തനിമയാർന്ന വാക് ചാതുരികൊണ്ട് കാഴ്ചക്കാരെ കൈയിലെടുത്തു. മസ്കത്തിലെ മലയാളികൾക്ക് ഇത്തരം അനൗൺസ്മെന്റ് പുത്തൻ അനുഭവമായിരുന്നു. കഴിഞ്ഞ 17 വർഷമായി ഫുട്ബാൾ മത്സരങ്ങളിൽ അനൗൺസ്മെന്റ് നടത്തുന്ന റാഷിദിന് കാർണിവലിനെത്തിയവരെ ആവേശം വാനോളം ഉയർത്താൻ കഴിഞ്ഞിരുന്നു. റാഷിദിന്റെ ചാട്ടുളി നിറഞ്ഞ പ്രയോഗങ്ങളും ശബ്ദ വിന്യാസവും മസ്കത്തിലെ പലർക്കും സെവൻസ് ഫുട്ബാൾ ഗ്രൗണ്ടിൽ എത്തിയ പ്രതീതിയാണുണ്ടാക്കിയത്.
കുഞ്ഞുനാൾ മുതൽ റാഷിദിന് ഫുട്ബാൾ അനൗൺസ്മെന്റ് വലിയ ആവേശമായിരുന്നു. ആദ്യ കാലത്ത് കിണ്ടി ഉപയോഗിച്ചാണ് അനൗൺസ്മെന്റ് പറഞ്ഞ് ശീലിച്ചിരുന്നത്. ഒരു നല്ല അനൗൺസ്മെന്റ് കാരനാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നത് മുതൽ ഇതിനുള്ള പരിശീലനങ്ങൾ ആരംഭിച്ചിരുന്നു.
വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ കോട്ടക്കൽ അങ്ങാടിയിലൂടെ പോവുന്ന വാഹനത്തിന് പിന്നാലെ കിലോമീറ്ററുകൾ നടന്നിട്ടുണ്ടെന്ന് റാഷിദ് പറയുന്നു. വാഹനത്തിലെ മൈക്കിലൂടെ ഒഴുകിവരുന്ന അനൗൺസുമെന്റുകൾ കേട്ട് പഠിച്ച് വീട്ടിൽ പോയി പരിശീലിക്കുകയായിരുന്നു അക്കാലത്ത് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.