സലാല: 56 രാജ്യങ്ങളിൽ കഴിഞ്ഞ ഒന്നര വർഷം കൊണ്ട് യാത്ര ചെയ്ത മുഹമ്മദ് സിനാൻ സലാലയിലെത്തി. ഖരീഫ് കാലയളവിൽ എത്തിയ സിനാന് സലാല ട്രാവലേഴ്സ് ക്ലബ് സ്വീകരണം നൽകി.
സലാലയിൽ നാല് ദിവസം ചെലവഴിച്ച ഇദ്ദേഹം മസ്കത്ത് വഴി ദുബൈയിലേക്ക് മടങ്ങി. മംഗലാപുരം പുത്തൂർ സ്വദേശിയായ സിനാൻ ദുബൈയിലെത്തി ഇറാൻ വഴിയാണ് യൂറോപ്പിലേക്ക് യാത്ര ചെയ്തത്.
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ 56 രാജ്യങ്ങളാണ് ഇതുവരെ ഇദ്ദേഹം യാത്ര ചെയ്തിട്ടുള്ളത്. ഓരോ രാജ്യവും ഓരോ അനുഭവമാണ്, എന്നാലും അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് ഇറാനിലാണ്. മുമ്പ് മനസ്സിലാക്കിയതനുസരിച്ച് പരുഷമായി പെരുമാറാൻ സാധ്യതയുള്ള ഒരു സമൂഹമാണ് ഇറാനികൾ എന്നാണ് കരുതിയിരുന്നത്.
എന്നാൽ ആവേശകരമായ സ്വീകരണമാണ് അവിടത്തെ ജനങ്ങളിൽനിന്ന് കിട്ടിയത്. ഗ്രോസറി കടക്കാർ പോലും ഇന്ത്യക്കാരൻ എന്ന നിലയിൽ അങ്ങേയറ്റം മാന്യമായാണ് പെരുമാറിയതെന്നും സിനാൻ പറഞ്ഞു. തന്റെ സന്തത സഹചാരിയായ മഹീന്ദ്ര സ്കോർപിയോ വാഹനത്തിലാണ് 56 രാജ്യങ്ങൾ ഇദ്ദേഹം പൂർത്തിയാക്കിയത്.
100 രാജ്യങ്ങളെന്ന തന്റെ ലക്ഷ്യം ചില സാഹചര്യങ്ങൾ കൊണ്ട് 75 ആക്കിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങൾ പൂർത്തിയായാൽ ഫാർ ഈസ്റ്റ് രാജ്യങ്ങളാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സലാല ട്രാവലേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ സിനാന് സ്വീകരണം നൽകി.
സിറാജ് സിനാൻ, സിദ്ദീഖ് ബാബു, ഷിഹാബ് ആലടി, ഫാറൂഖ്, സലാല, അനസ് പോപ്സ്, ഉസ്മാൻ സായ് വൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.