മസ്കത്ത്: രാജ്യത്ത് തുടർച്ചയായി പെയ്യുന്ന മഴ വെള്ളിയാഴ്ച ശമിച്ചു. വടക്കൻ ഗവർണറേറ്റുകളിലും ദോഫാറിലെ വിവിധയിടങ്ങളിലും ചെറിയ തോതിൽ മഴ ലഭിച്ചു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ മഴ കടന്നുപോകുന്നതിന്റെ ആശ്വാസത്തിലാണ് ഒമാനിലെ സ്വദേശികളും വിദേശികളും.
താഴ്ന്ന പ്രദേശങ്ങളിൽനിന്നെല്ലാം വെള്ളം നീങ്ങിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥ ദുർബലമായതിനാൽ ഗവർണറേറ്റുകളിലെ ഉപകമ്മിറ്റികൾ ഉൾപ്പെടെ നാഷനൽ സെൻറർ ഫോർ എമർജൻസി മാനേജ്മെൻറിന്റെ (എൻ.സി.ഇ.എം) പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ദോഫാർ, അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഇവിടത്തെ വിവിധ പ്രദേശങ്ങളിൽ 10-30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മുന്നറിയിപ്പുകൾ അവഗണിച്ച് വാദികൾ മുറിച്ചു കടന്നതിന് ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് ഒരുകൂട്ടം ആളുകളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. അവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വിവിധ വകുപ്പുകളുമായി ഏകോപിച്ച് റോഡിലെ തടസ്സങ്ങളും മണ്ണും കല്ലും മറ്റും അധികൃതർ നീക്കി തുടങ്ങി. റോയൽ ആർമി ഓഫ് ഒമാൻ യൂനിറ്റുകൾ മഴബാധിത പ്രദേശങ്ങളിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി. പതിനൊന്നാം ഇൻഫെൻട്രി ബ്രിഗേഡ്, 23ാം ഇൻഫെൻട്രി ബ്രിഗേഡ്, സുൽത്താന്റെ സായുധസേന എന്നീ യൂനിറ്റുകൾ മസ്കത്ത് ഗവർണറേറ്റിലെ മസ്കത്ത്, അമീറാത്ത്, ഖുറിയാത്ത്, ദോഫാർ ഗവർണറേറ്റിലെ രഖ്യുത്, സദ എന്നീ സ്ഥലങ്ങളിലാണ് സേവന പ്രവർത്തനങ്ങളിൽ മുഴുകിയത്. ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും ഗവർണറേറ്റുകളിലെ നിയുക്ത അഭയകേന്ദ്രങ്ങളിലെത്തിച്ചു. സുൽത്താന്റെ സായുധസേനയും പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് വകുപ്പുകളും ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും കാലാവസ്ഥ സാഹചര്യത്തിന്റെ ഫലമായി നൽകുന്ന ദേശീയ പരിശ്രമങ്ങളുടെയും മാനുഷിക സേവനങ്ങളുടെയും ചട്ടക്കൂടിനുള്ളിൽനിന്നായിരുന്നു സേവന പ്രവർത്തനങ്ങൾ നടത്തിയത്.
ന്യൂനമർദത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ തകർത്തുപെയ്തു. ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. അൽവുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കൂളുകളിൽ ഓൺലൈനിലൂടെയായിരുന്നു അധ്യയനം.
മുവാസലാത്ത് ഇന്റർ സിറ്റി ബസ് സർവിസ് ചില റൂട്ടുകളിൽ റദ്ദാക്കി. സീബ്, മാബില, സുവൈഖ്, മുസന്ന, ബുറൈമി, റുസ്താഖ്, ശിനാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.