മസ്കത്ത്: കെട്ടിട നിർമാണ അവശിഷ്ടങ്ങൾ അശാസ്ത്രീയ രീതിയിൽ സംസ്കരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ചെയ്യുന്നവരിൽനിന്ന് 1,000 റിയാൽവരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. മാലിന്യം തള്ളുന്നത് നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ മസ്കത്ത് ഗവർണറേറ്റിലുടനീളം വർധിപ്പിച്ചിട്ടുണ്ട്.
വിവേചനരഹിതമായ മാലിന്യം തള്ളുന്നത് പാരിസ്ഥിതിക അപകടങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ബോധവത്കരണ പ്രവർത്തനങ്ങളും മുനിസിപ്പാലിറ്റി ശക്തമാക്കിയിട്ടുണ്ട്.
മാലിന്യത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും കരാറുകാർക്കും ട്രക്ക് ഡ്രൈവർമാർക്കും ഉണ്ടായേക്കാവുന്ന കനത്ത പിഴകളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ട്. പരിസ്ഥിതി സംരക്ഷിക്കാൻ രൂപകൽപന ചെയ്ത മുനിസിപ്പാലിറ്റിയുടെ ഉത്തരവുകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ.
നിർമാണം പൂർത്തിയാകുമ്പോൾ സ്ഥലങ്ങൾ വൃത്തിയാക്കാൻ കരാറുകാരും വസ്തു ഉടമകളും ബാധ്യസ്ഥരാണെന്നാണ് മുനിസിപ്പാലിറ്റി ചട്ടം. സുരക്ഷിതമായ മാലിന്യ നിർമാർജനം ഉറപ്പാക്കിയാൽ മാത്രമെ വൈദ്യുതി, വെള്ളം തുടങ്ങിയ യൂട്ടിലിറ്റികൾക്കുള്ള അംഗീകാരങ്ങളും ലൈസൻസുകളും നൽകുകയുള്ളൂ.
പൊതു ഇടങ്ങളിലോ തുറന്ന ചത്വരങ്ങളിലോ വാദികളിലോ മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ 1,000 റിയാൽ പിഴ ഈടാക്കാനും മുനിസിപ്പാലിറ്റിക്ക് അവകാശമുണ്ട്. കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. മാലിന്യം ഒരു ദിവസത്തിനുള്ളിൽ നീക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.