മസ്കത്ത്: തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മത്ര സൂഖിന്റെ മുൻഭാഗത്തിന്റെ മുഖം മിനുക്കാൻ പദ്ധതികളുമായി പൈതൃക, ടൂറിസം മന്ത്രാലയം. മുൻവശത്തെ ദൃശ്യ വൈകല്യങ്ങൾ പഠിക്കുന്നതും ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഈ അപാകതകൾ പരിഹരിക്കാൻ വാസ്തുവിദ്യയും വിശദവുമായ ഡിസൈനുകൾ നടപ്പിലാക്കുന്നതും ഈ പ്രവർത്തനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതിനായി ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ബോർഡിന്റെ സെക്രട്ടേറിയറ്റ് ജനറലിൽ രജിസ്റ്റർ ചെയ്ത കൺസൾട്ടിങ് ഓഫിസുകൾക്കും പ്രത്യേക കമ്പനികൾക്കും ഓൺലൈനായി ടെൻഡർ നടപടികളിൽ പങ്കെടുക്കാം. ടെൻഡർ രേഖ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 ആണ്. നവംബർ 12ന് ബിഡ് തുറക്കും. രാജ്യത്തെ പരമ്പരാഗത മാർക്കറ്റായ മത്ര സൂഖ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.
സുൽത്താൻ ഖാബൂസ് തുറമുഖത്ത് നങ്കൂരമിടുന്ന ആഡംബര കപ്പലുകളിൽ വരുന്ന സഞ്ചാരികൾ കൂട്ടമായി ഇവിടേക്ക് ഒഴുകാറുണ്ട്. ഈ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന സൂഖാണ് മത്ര. വെള്ളി ആഭരണങ്ങൾ, സുവനീറുകൾ, വീട്ടുപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഒമാനി സുഗന്ധദ്രവ്യങ്ങൾ, ഹൽവ എന്നിവക്കായി വിവിധ വിഭാഗങ്ങളുണ്ട്.
മഴയുണ്ടാകുന്ന സമയത്ത് സൂഖിൽ വെള്ളം കയറുകയും മലയാളികളുൾപ്പെടെയുള്ള കടയുടമകൾക്ക് കനത്ത നഷ്ടം നേരിടുകയും ചെയ്യാറുണ്ട്. ഇത് കണക്കലെടുത്ത് സൂഖിനായി വെള്ളപ്പൊക്ക സംരക്ഷണ പദ്ധതി രൂപപ്പെടുത്താനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.