മസ്കത്ത്: കനത്ത മഴയെ തുടർന്ന് തകർന്ന മുസന്ദം ഗവർണറേറ്റിലെ റോഡുകൾ നന്നാക്കാനായി ഗതാഗത വാർത്താവിനിമയ വിതരണ മന്ത്രാലയം സാങ്കേതിക ടീം രൂപവത്കരിച്ചു. കനത്ത മഴയിൽ തകർന്ന റോഡുകളുടെ സ്ഥിതിഗതികൾ അറിയാനും മുനിസിപ്പാലിറ്റിയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന പുനരുദ്ധാരണ പ്രവൃത്തികൾ വിലയിരുത്താനുമായി ഗവർണറായ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് അൽ ബുസൈദിയുടെ നേതൃത്വത്തിൽ വിവിധ വിലായത്തുകൾ സന്ദർശിച്ചശേഷമാണ് സാങ്കേതിക ടീം രൂപവത്കരിച്ചത്. ഗതാഗത വാർത്താവിനിമയ വിതരണ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമർ അൽ ഷൈതാനിയടക്കം മന്ത്രാലയത്തിലെയും ഗവർണറേറ്റിലെയും നിരവധി വിദഗ്ധരും വിലായത്തുകൾ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
സംഘം മദ്ഹ, ഖസബ്, ദിബ്ബ വിലായത്ത് എന്നിവിടങ്ങളിലെ തകർന്ന റോഡുകൾ സന്ദർശിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ കാണുകയും ചെയ്തു. വിവിധ സർക്കാർ മേഖലകൾ, സുരക്ഷ-സൈനിക ഏജൻസികൾ, സ്വകാര്യ മേഖല, ചാരിറ്റി സ്ഥാപനങ്ങൾ, സന്നദ്ധ സംഘങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലിമയിൽ അടിസ്ഥാന സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ഉപകരണങ്ങളും സാമഗ്രികളും സാങ്കേതിക വിദഗ്ധരും എത്തിക്കുന്നതിനായി റോയൽ നേവി ഓഫ് ഒമാന്റെ കപ്പലിന്റെ സേവനങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.