മസ്കത്ത്: ഒമാനിൽനിന്നുള്ള രണ്ട് സിനിമകൾ റഷ്യയിലെ ഖസാൻ അന്താരാഷ്ട്ര ഇസ്ലാമിക് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും. ഒമാനി ഹൃസ്വചിത്രങ്ങളായ ‘ആശസ്’, ‘യു വിൽ നോട്ട് ഡൈവ് എലോൺ’ എന്നീ സിനിമകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് ഒമാനിൽനിന്നുള്ള ചിത്രം ഈ ഫെസ്റ്റിവലിൽ എത്തുന്നത്. ഫെസ്റ്റിവലിൽ ഈ വർഷം പങ്കെടുക്കുന്ന ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഏക രാജ്യമാണ് ഒമാൻ. ലോകരാജ്യങ്ങളിലും റഷ്യയിലും നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക് ഫെസ്റ്റിവലിൽ ഒന്നാണ് ഖസാൻ ഫെസ്റ്റിവൽ. ലോകത്തെ ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ള നിരവധി സിനിമ മേഖലയിലെ പ്രമുഖർ ഫെസ്റ്റിവലിൽ പങ്കെടുക്കും. ഇസ്ലാമിന്റെ സൗഹാർദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ശരിയായ മുഖങ്ങൾ പ്രകാശിപ്പിക്കുന്നതായിരിക്കും മേളയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ. ഒമാനി സംവിധായകനായ സുലൈമാൻ അൽ ഖലീലി സംവിധാനം ചെയ്ത ‘ആശസ്’ മേളയുടെ രണ്ടാംദിവസമായ ചൊവ്വാഴ്ചയാണ് പ്രദർശിപ്പിക്കുക.
പർവത ഗ്രാമത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ആശസ്. ഒരു കുടുംബത്തിലെ അവിവാഹിതയായ പെൺകുട്ടിയുടെ കഥയാണിത്. ഗർഭിണിയാണെന്നറിഞ്ഞ അവളെ കുടുംബം കൊല്ലാൻ തീരുമാനിക്കുന്നു. മെഡിക്കൽ റിപ്പോർട്ട് തെറ്റാണെന്ന് കണ്ടെത്തി ഡോക്ടർ അവളെ രക്ഷിക്കാൻ ശ്രമിക്കുന്നു. ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിലേക്കും മൊറോക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര ഹ്യുമൻ റൈറ്റ് ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫഹദ് അൽ മൈമനി സംവിധാനം ചെയ്ത ‘യു വിൽ നോട്ട് ഡൈവ് എലോൺ’ ഫെസ്റ്റിവലിന്റെ മൂന്നാംദിവസമാണ് പ്രദർശിപ്പിക്കുക. കടലിന്റെ അഗാധതയും അത്ഭുതങ്ങളുമാണ് സിനിമയിൽ പറയുന്നത്.
കടൽ ലോകത്തിന്റെ നിഗൂഢതകളും സമ്പന്നതയും അതിലെ അത്ഭുത ജീവിതങ്ങളും സിനിമയിൽ വരച്ചുകാട്ടുന്നുണ്ട്. ഒമാനി കടൽ സഞ്ചാരികളായ ഫൈസൽ അൽ യസീദിയുടെയും അഹ്മദ് അൽ ബുസൈദിയുടെയും കടൽ സാഹസികതയും അനുഭവങ്ങളും സിനിമയിലൂടെ അനാവരണം ചെയ്യും. ഈ സിനിമയും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാത്തിന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, റഷ്യൻ ഇൻറർനാഷനൽ എൻവയൺമെന്റൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ യു.കെ, സൗദി അറേബ്യ, മൊറോക്കോ എന്നിവിടങ്ങളിലെ ഫിലിം ഫെസ്റ്റിവലുകളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.