മസ്കത്ത്: മലബാറിലുള്ള യാത്രക്കാർക്ക് ആശ്വാസം പകർന്ന് ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയറിന്റെ മസ്കത്ത്-കോഴിക്കോട് സർവിസിന് ശനിയാഴ്ച തുടക്കമാകും. ഒക്ടോബർ ഒന്ന് മുതൽ സലാം എയർ ഇന്ത്യൻ സെക്ടറിൽനിന്ന് പൂർണമായും പിൻവാങ്ങിയിരുന്നു.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇത് പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടേക്കുള്ള സർവിസിന് നാളെ തുടക്കമാകുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പുർ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും മസ്കത്തിൽനിന്ന് നേരിട്ട് സർവിസുകൾ നടത്തും. മസ്കത്തിൽനിന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.20ന് കോഴിക്കോട്ടെത്തും. കോഴിക്കോടുനിന്ന് ഡിസംബർ 17 മുതലാണ് മസ്കത്തിലേക്ക് സർവിസ് ആരംഭിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തുന്നുണ്ട്.
മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 65-80 റിയാലിനും ഇടക്കാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. ഈ ടിക്കറ്റ് എടുക്കുന്നവർക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗുമാണ് കൊണ്ടു പോവാൻ കഴിയുക. എന്നാൽ, പത്ത് റിയാൽ അധികം നൽകി ടിക്കറ്റെടുക്കുകയാണെങ്കിൽ 30 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗും കൊണ്ട് പോകാൻ കഴിയും.
കോഴിക്കോട്ടുനിന്ന് കാലത്ത് 04.05ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ ആറിന് മസ്കത്തിൽ എത്തും. കോഴിക്കോടു നിന്ന് മസ്കത്തിലേക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗും കൊണ്ട് വരുന്നവരിൽനിന്ന് 39.56റിയാലാണ് ഈടാക്കുക. ഡിസംബർ അവസാനത്തോടെ 50ന് മുകളിലേക്ക് ടിക്കറ്റ് നിരക്ക് ഉയരുന്നുണ്ട്. എന്നാൽ, ജനുവരി ഒന്ന് മുതൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവുവരുന്നുണ്ട്. അതേസമയം കോഴിക്കോട്ടുനിന്നുള്ള നിരക്ക് ജനുവരിമുതൽ ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം സർവിസ് ജനുവരി മൂന്ന് മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട് വീതം സർവിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും.
66.20 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. ഏഴ് റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയർത്താനും സാധിക്കും. തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവിസ്. പുലർച്ച 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തിൽ എത്തും. അധിക ദിവസവും 100 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്ക്.
ജയ്പൂരിലേക്ക് ഡിസംബർ 16നും ലക്ക്നൗവിലേക്ക് 17നും ഹൈദരബാദിലേക്ക് 18നുമാണ് സർവിസുകൾ തുടങ്ങുക. കോഴിക്കോട്, തിരുവനന്തപുരം അടക്കം കേരളത്തിലെ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന സലാം എയറിന്റെ ഡിസംബർ മുതലുള്ള കടന്നുവരവ് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. സ്കൂൾ അവധി മുന്നിൽ കണ്ട് നിരവധി ആളുകൾ ഇതിനകം സലം എയറിന് ബുക്ക് ചെയ്തിട്ടുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.