മസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ സലാം എയർ സർവിസുകൾ വിപുലീകരിക്കുന്നു. നാലു പുതിയ റൂട്ടുകളിലേക്ക് സർവിസ് ആരംഭിക്കാൻ സലാം എയറിന് അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.
അബൂദബി, കുവൈത്ത്, ഖാർത്തൂം, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് പുതിയ സർവിസുകൾ തുടങ്ങുക. സലാല-അബൂദബി റൂട്ടിൽ മൂന്നു പ്രതിവാര സർവിസുകളാകും ഉണ്ടാവുക. ആഗസ്റ്റ് മൂന്നുമുതൽ ഇത് ആരംഭിക്കും. സെപ്റ്റംബർ ആദ്യം മുതൽ മസ്കത്തിൽനിന്നാണ് മറ്റുള്ളവ നടത്തുക. കുവൈത്തിലേക്ക് അഞ്ചും ഖാർത്തൂമിലേക്ക് മൂന്നും കാഠ്മണ്ഡുവിലേക്ക് നാലും പ്രതിവാര സർവിസുകളാണ് ഉണ്ടാവുക.
സർവിസ് വിപുലീകരണത്തിെൻറ ഭാഗമായി ആറ് എയർബസ് എ 320 നിയോ വിമാനങ്ങൾ കൂടി സ്വന്തമാക്കാൻ സലാം എയർ അടുത്തിടെ ധാരണയിൽ എത്തിയിരുന്നു.
ഇതിൽ ഒരു വിമാനം ഇൗ വർഷം അവസാന പാദത്തിലും അഞ്ചു വിമാനങ്ങൾ അടുത്ത വർഷം ആദ്യ പാദത്തിലുമാകും സലാം എയർ നിരയിലേക്ക് എത്തുക. പുതിയ വിമാനങ്ങൾ കൂടി എത്തുന്നതോടെ സർവിസുകൾ 27 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് അറിയിച്ചിരുന്നു. നിലവിൽ മൂന്നു വിമാനങ്ങളാണ് സലാം എയറിന് ഉള്ളത്. പുതുതായി ആരംഭിച്ച ജോർജിയ, അസർബൈജാൻ അടക്കം 15 ഇടങ്ങളിലേക്കാണ് കമ്പനി നിലവിൽ സർവിസ് നടത്തുന്നത്.
സർവിസുകൾ വിപുലീകരിക്കുന്നത് ടൂറിസം മേഖലക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കുറഞ്ഞ ചെലവിൽ യാത്ര നടത്താൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ സലാം എയർ സർവിസുകൾ കൂടുതലായി ഉപയോഗപ്പെടുത്തും.
ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കണ്ണൂർ വിമാനത്താവളം അടക്കം ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള സർവിസുകളും സലാം എയറിെൻറ ആലോചനയിലുണ്ട്. ഇന്ത്യൻ അധികൃതരിൽനിന്ന് അനുമതി ലഭിക്കുന്ന മുറക്ക് സർവിസുകൾ ആരംഭിക്കുമെന്ന് സലാം എയർ നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.