മസ്കത്ത്: ഒമാന്‍റെ ബജറ്റ് വിമാനമായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവിസ് അടുത്തമാസം ഒന്ന് മുതൽ നിർത്തുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കി. വെബ്സൈറ്റിൽനിന്ന് ഒക്ടോബർ ഒന്ന് മുതൽ ബുക്കിങ്ങ് ചെയ്യാനുള്ള സൗകര്യവും നീക്കിയിട്ടുണ്ട്.
റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പൂർണമായും റീഫണ്ട് നൽകും. റീ ഫണ്ടിനെ കുറിച്ച് സംശയം ഉണ്ടെങ്കിൽ ബന്ധപ്പടാവുന്നതാണെന്നും കമ്പനി അധികൃതർ അറിയിച്ചു. അതേസമയം, എത്ര കാലത്തേക്കാണ് സർവിസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയറിന്‍റെ പിൻമാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂർ, ലഖ്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാം എയർ ഇന്ത്യയിലേക്ക് സർവിസ് നടത്തുന്നത്. ഇതിൽ കോഴിക്കോട്ടേക്ക് സലാലയിൽനിന്നാണ് വിമാനം. അടുത്തമാസം ഒന്ന് മുതൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ത്യൻ സെക്ടറിൽനിന്ന് സലാം എയർ പൂർണമായും പിൻ വാങ്ങുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.