മസ്കത്ത്: പവിഴപ്പുറ്റുകളുടെ ശുചീകരണ കാമ്പയിനുമായി ഖുറിയാത്ത് ഡൈവേഴ്സ്. ബ്ലൂ വാട്ടർ കമ്പനിയുടെയും ഫിഷറീസ് ഡെവലപ്മെന്റ് ഒമാനിന്റെയും സഹകരണത്തോടെ നടത്തിയ ശുചീകരണ കാമ്പയിനിൽ അഞ്ച് മുങ്ങൽ വിദഗ്ധരാണ് പങ്കെടുത്തത്. ഖുറിയാത്ത് വിലായത്തിലെ അൽ ഹ്ദാബ് ഏരിയയിലായിരുന്നു ശുചീകരണം. 200 കിലോ മത്സ്യബന്ധന വലകൾ നീക്കം ചെയ്യുകയും ചെയ്തതായി റിയാത്ത് ഡൈവേഴ്സ് മേധാവി ജുമാ ഖമീസ് അൽ അമ്രി പറഞ്ഞു.
മുങ്ങൽ വിദഗ്ധർ രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയായിരുന്നു ശുചീകരണ യജ്ഞം നടത്തിയിരുന്നത്. ശുചീകരണ പ്രവർത്തനത്തിന് പുറമെ, മലിനീകരണത്തിൽ നിന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും പവിഴപ്പുറ്റുകളെ സംരക്ഷിക്കുക, മാലിന്യം തള്ളുന്നത് തടയുക, സമൂഹങ്ങൾക്കിടയിൽ സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുക എന്നിവയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക തുടങ്ങിയവയും കാമ്പയിനിലൂടെ ലക്ഷ്യമിട്ടിരുന്നു. കടൽ പരിസ്ഥിതിയുടെ ശുചീകരണ പ്രവർത്തനങ്ങൾ മത്സ്യ ഉൽപാദനം വർധിപ്പിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് അമ്രി പറഞ്ഞു.
കടൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ മുങ്ങൽ വിദഗ്ധർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉപേക്ഷിക്കപ്പെടുന്ന മത്സ്യബന്ധന വലകളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സഹകരണത്തോടെ ഖുറിയാത്ത് ഡൈവേഴ്സിന്റെ കാമ്പയിനുകളുടെ ഭാഗമായായിരുന്നു ശുചീകരണ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.