മസ്കത്ത്: സർബ് സീസൺ തുടങ്ങിയതോടെ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി സലാല. വസന്തകാലത്തിന് പ്രാദേശികമായി അറിയപ്പെടുന്ന പേരാണ് സർബ്. ‘സർബ്’ സീസണിനോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികളാണ് അണിയറയിൽ അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 21 മുതൽ ഡിസംബർ 21വരെയുള്ള കാലംവരെയാണ് സർബ് സീസൺ. ഈ ദിനങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള കാലാവസ്ഥയായിരിക്കും ഇവിടത്തേത്.
ഖരീഫ് സീസണിനുശേഷവും ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതർ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ച പുതച്ച് നിന്നിരുന്ന സലാലക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് ദിവസങ്ങൾക്ക് മുമ്പ് ‘ടൂർ ഓഫ് സലാല‘ സൈക്ലിങ് മത്സരങ്ങൾ നടന്നിരുന്നു. ഒമാൻ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാരവും സാംസ്കാരിക ആകർഷണങ്ങളും ഉയർത്തിക്കാട്ടുകയാണ് ടൂർ ഓഫ് സലാലയിലൂടെ ലക്ഷ്യമിട്ടിരുന്നത്. വിനോദ സഞ്ചാരം സജീവമാക്കാൻ അധികൃതർ ചാർട്ടർ വിമാനം വഴി സഞ്ചാരികളെ എത്തിക്കാനും ആലോചിക്കുന്നുണ്ട്.
ദോഫാറിനെ വര്‍ഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളും ക്രൂസ് കപ്പലുകളും ആകര്‍ഷിക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്
സൂര്യന്റെ തെളിച്ചം, മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം എന്നിവയാണ് സർബിലെ അന്തരീക്ഷത്തിന്റെ സവിശേഷത. ഖരീഫ് മൂടൽമഞ്ഞ് മായുകയും പൂക്കൾ വിരിയുകയും ചെയ്യും. കടലിലെ ശാന്തമായ തിരമാലകൾക്ക് പുറമേ മനോഹരമായ പ്രകൃതിയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിയും. ശരത്കാല മൺസൂൺ മഴയെ ആശ്രയിക്കുന്ന പർവതപ്രദേശങ്ങളിലെയും സമതലപ്രദേശങ്ങളിലെയും കാർഷിക വിളവെടുപ്പ് കാരണം കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലികളെ വളർത്തുന്നവർ എന്നിവരുടെ പ്രധാന സീസണുകളിലൊന്നായാണ് സർബിനെ കണക്കാക്കുന്നത്.
പകൽ സമയത്ത് മലനിരകളിൽ 20 ഡിഗ്രി സെൽഷ്യസും താഴ്ന്ന പ്രദേശങ്ങളിൽ 26-28 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. സലാലയിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളും ബീച്ചുകളും ചരിവുകളും വാദി നഹിസ്, വാദി ദർബത്ത്, വാദി ഗയ്ദത്ത്, തുടങ്ങിയ പ്രദേശങ്ങളിൽ ഒട്ടകങ്ങളും ഈ സീസണിൽ നിറയാറുണ്ട്.
ഈ വർഷം ഖരീഫിനായി ദോഫാർ ഗവർണറേറ്റിൽ വിദേശ-സ്വദേശി വിനോദസഞ്ചാരികൾ ധാരാളമായി എത്തിയിരുന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി സീസണിൽ ആഗസ്റ്റ് 15 വരെ എത്തിയ സന്ദർശകരുടെ എണ്ണം 7.39 ലക്ഷമായെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ജൂലൈ 31 വരെ 3.96 ലക്ഷം പേരാണെന്ന് അധികൃതർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആഗസ്റ്റിലാണ് കൂടുതൽ സന്ദർശകർ എത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ൽ ഈ കാലയളവിൽ ദോഫാറിലെത്തിയത് 6.36 ലക്ഷം പേരായിരുന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 3,168 ഫ്ലൈറ്റുകളാണ് സലാല വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലിത് 2,455 ഫ്ലൈറ്റുകളായിരുന്നു ഇത്.
സലാല വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 34 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 3,51,109 യാത്രക്കാരായിരുന്നുവെങ്കിൽ ഈ വർഷമിത് 4,71,911 ആയി വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.