മസ്കത്ത്: ഖരീഫിനുശേഷം ആഗതമാകുന്ന സർബ് സീസണിലും സലാലയിലേക്ക് സഞ്ചാരികൾ ഒഴുകും. വസന്തകാലത്തിന് പ്രാദേശികമായി അറിയിപ്പെടുന്ന പേരാണ് സർബ്. ‘സർബ്’ സീസണിനോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികളാണ് അണിയറയിൽ അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്.
സെപ്റ്റംബർ 21 മുതൽ ഡിസംബർ 21വരെയുള്ള കാലംവരെയാണ് സർബ് സീസൺ. ഈ ദിനങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള കാലാവസ്ഥയായിരിക്കും ഇവിടത്തേത്. ഖരീഫ് സീസണിനുശേഷവും ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതർ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സൂര്യന്റെ തെളിച്ചം, മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം എന്നിവയാണ് സർബിലെ അന്തരീക്ഷത്തിന്റെ സവിശേഷത. ഖരീഫ് മൂടൽമഞ്ഞ് മായുകയും പൂക്കൾ വിരിയുകയും ചെയ്യും. കടലിലെ ശാന്തമായ തിരമാലകൾക്ക് പുറമേ മനോഹരമായ പ്രകൃതിയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിയും. ശരത്കാല മൺസൂൺ മഴയെ ആശ്രയിക്കുന്ന പർവതപ്രദേശങ്ങളിലെയും സമതലപ്രദേശങ്ങളിലെയും കാർഷിക വിളവെടുപ്പ് കാരണം കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലികളെ വളർത്തുന്നവർ എന്നിവരുടെ പ്രധാന സീസണുകളിലൊന്നായാണ് സർബിനെ കണക്കാക്കുന്നത്. ഏറ്റവും മികച്ച തരം നാടൻ ‘നെയ്യ്’ ഉൽപാദിപ്പിക്കുന്നതും ഈ സീസണിലാണ്. എന്നാൽ, ഉയർന്ന ഡിമാന്റ് കാരണം ഇത് കിട്ടാൻതന്നെ പ്രയാസമായിരിക്കും. ശരത്കാലം മുതൽ പ്രകൃതിദത്തമായ മേച്ചിൽ കാരണം പശുക്കൾ നല്ല ഗുണനിലവാരമുള്ള പാൽ ഉൽപാദിപ്പിക്കും.
ശരത്കാലത്തിൽ തഴച്ചുവളരുകയും വസന്തകാലം വരെ നീണ്ടുനിൽക്കുകയും ചെയ്യുന്ന പ്രകൃതിദത്ത മേച്ചിൽപ്പുറങ്ങളിൽ വിവിധതരം സസ്യങ്ങൾ ഇവ കഴിക്കുന്നത്. ഇവയാണ് മികച്ച ഗുണനിലവാരമുള്ള പാൽ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നത്.
പകൽ സമയത്ത് മലനിരകളിൽ 20 ഡിഗ്രി സെൽഷ്യസും താഴ്ന്ന പ്രദേശങ്ങളിൽ 26-28 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. സലാലയിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളും ബീച്ചുകളും ചരിവുകളും വാദി നഹിസ്, വാദി ദർബത്ത്, വാദി ഗയ്ദത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ഒട്ടകങ്ങളും ഈ സീസണിൽ നിറയാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.