മസ്കത്ത്: പത്താമത് രാജ്യാന്തര ശിൽപ പ്രദർശനത്തിന് സുഹാറിൽ തുടക്കമായി. സയ്യിദ ഹുജൈജ ബിൻത് ജൈഫർ അൽ സഈദിന്റെ മേൽനോട്ടത്തിലായിരുന്നു പരിപാടികൾ നടന്നത്. ഒമാനുൾപ്പെടെ 11 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 24 ശിൽപികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. സുഹാറിലെ വാദി അൽ ജിസിയിൽ ഫെബ്രുവരി 10 മുതൽ 18 വരെ നടന്ന ക്യാമ്പിൽ കലാകാരന്മാർ കൊത്തിയെടുത്ത 22 സൃഷ്ടികളാണ് പ്രദർശിപ്പിച്ചത്.
വടക്കൻ ബാത്തിനയിലെ ഗവർണറുടെ ഓഫിസും സുഹാറിലെ വാലി ഓഫിസും സുഹാർ മുനിസിപ്പാലിറ്റിയും ചേർന്നായിരുന്നു ശിൽപ ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. റഷ്യ, യു.എസ്, ഇറ്റലി, ജർമനി, തുർക്കി, ഈജിപ്ത്, കുവൈത്ത്, യു.എ.ഇ, മൊറോക്കോ, തുനീഷ്യ, സിറിയ, ലബനാൻ, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്.
മാർബിൾ, സ്റ്റോൺ, വുഡ് ശിൽപ നിർമാണം തുടങ്ങിയ മേഖലകളിൽ ശിൽപികൾക്ക് അറിവും വൈദഗ്ധ്യവും കൈമാറാനുള്ള അവസരമായി ക്യാമ്പ്. ‘ശിൽപകലയുടെ ഒരു ദശാബ്ദം’ എന്ന തലക്കെട്ടിൽ സുൽത്താനേറ്റിലെയും വിദേശത്തെയും എഴുത്തുകാരും നിരൂപകരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന സിമ്പോസിയവും നടന്നു. പങ്കെടുത്ത ശിൽപികൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കുന്നതിനായി സുഹാറിലെ പർവതഗ്രാമങ്ങളിലേക്ക് യാത്രയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.