മസ്കത്ത്: സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കിരീടം നിലനിർത്തി സീബ് ക്ലബ്. സുഹാർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന കലാശക്കളിയിൽ അൽ നഹ്ദയെ 3-1ന് പരാജയപ്പെടുത്തിയാണ് തങ്ങളുടെ ഷോക്കേസിലേക്ക് ഒരുകിരീടം കൂടി മഞ്ഞപ്പട കൂട്ടിചേർത്തത്. അബ്ദുൽ അസീസ് അൽ മഖ്ബാലിയുടെ ഹാട്രിക്ക് മികവാണ് കിരീടം ഉയർത്താൻ സഹായിച്ചത്. എച്ച്.എം കപ്പിലെ ക്വാർട്ടർ ഫൈനലിലെ അൽ നഹ്ദക്കെതിരായ സമീപകാല തോൽവിക്കുള്ള മധുര പ്രതികാരംകൂടിയായി ഈ വിജയം.
കളിയുടെ ആദ്യ പകുതിയിലായിരുന്നു എല്ലാ ഗോളുകളും വീണത്. അൽ നഹ്ദയെ ഞെട്ടിച്ച് കളിയുടെ മൂന്നാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. സ്ട്രൈക്കർ അലി അൽ ബുസൈദിയിൽ സ്വീകരിച്ച പന്ത് മഖ്ബാലി അനായസം വലയിലെത്തിക്കുകയായിരുന്നു.
ഇതോടെ ഉണർന്ന് കളിച്ച അൽ നഹ്ദ സമനിലക്കായി കിണഞ്ഞ് പരിശ്രമിച്ചു. പലപ്പോഴും സീബിന്റെ പ്രതിരോധ നിരയിൽ തട്ടി ആക്രമണത്തിന്റെ മുനയൊടിക്കുകയായിരുന്നു. ഒടുവിൽ 14ാംമിനിറ്റിൽ അഹമ്മദ് അൽ മത്രൂഷിയിലൂടെ അൽ നഹ്ദ സമനില പിടിച്ചു.
സലാഹ് അൽ യഹ്യായി ബോക്സിലേക്ക് നൽകിയ ക്രോസിൽനിന്നായിരുന്നു ഗോൾ. സമനിലയിലായതോടെ ലീഡെടുക്കാനായി ഇരു ടീമുകളും കളം നിറഞ്ഞ് കളിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഒടുവിൽ 29 ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ മഖ്ബാലി വീണ്ടും സീബിനെ മുന്നിലെത്തിച്ചു (2-1). എട്ട് മിനിറ്റുകൾക്ക് ശേഷം മഖ്ബാലി മൂന്നാം ഗോളും നേടി ടീമിന്റെ വിജയം അരകിട്ടുറപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അൽ നഹ്ദ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സിബിന്റെ പ്രതിരോധത്തിനുമുന്നിൽ ലക്ഷ്യം കാണാതെ പോകുകയായിരുന്നു.
കൂടുതൽ ഗോൾനേടാനുള്ള സീബിന്റെ ശ്രമവും വിജയിച്ചില്ല. സീബ്കോച്ച് ജോർവൻ വിയേര ചുമതലയേറ്റെടുത്തതിനുശേഷമുള്ള ടീമിന്റ ആദ്യ കിരീടമാണിത്. എച്ച്.എം കപ്പിൽനിന്ന് പുറത്തായതോടെ ഈ ഒരു കീരീടം വിയേരക്ക് അനിവാര്യമായിരുന്നു. മുമ്പ് എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ പ്ലേ ഓഫിൽ ഉസ്ബക്കിസ്താൻ ക്ലബിനോട് തോറ്റും സീബ് പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.