മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ സമുദ്ര മേഖലയിൽ സർവേ നടത്തുന്ന ഗവേഷണ സംഘം ഏഴ് വ്യത്യസ്ത ഡോൾഫിൻ ഇനങ്ങളുടെ സാന്നിധ്യം കണ്ടെത്തി. സ്പിന്നർ ഡോൾഫിൻ, വരയുള്ള ഡോൾഫിൻ, ഇന്ത്യൻ ഓഷ്യൻ ഹമ്പ്ബാക്ക് ഡോൾഫിൻ, നീളമുള്ള കൊക്കുകളുള്ളതും പുള്ളികളുള്ളതുമായ സാധാരണ ഡോൾഫിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായി പ്രാഥമിക ഫലങ്ങളിൽ പറയുന്നു. ഈ വർഷം തുടക്കത്തിൽ ആരംഭിച്ച ഈ പഠനം മൂന്നുവർഷം നീണ്ടുനിൽക്കുന്നതാണെന്ന് പരിസ്ഥിതി അതോറിറ്റിയുടെ പ്രോജക്ട് ടീമിനെ നയിക്കുന്ന ഐദ ബിൻത് ഖലഫ് അൽ ജാബ്രി അറിയിച്ചു.
ഗവർണറേറ്റിലെ സമുദ്ര സസ്തനികളുടെ എണ്ണവും ഇനങ്ങളും തിരിച്ചറിയുക എന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം. സമുദ്ര സസ്തനികളെ കാണാൻ കഴിയുന്ന സ്ഥലങ്ങളെക്കുറിച്ച സമഗ്രമായ ഒരു ഡാറ്റാബേസ് സ്ഥാപിക്കലും പഠനത്തിന്റെ ലക്ഷ്യമാണ്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംഘം ഏകദേശം 621 കി.മീറ്റർ മേഖലയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. മുസന്ദത്തിന്റെ നാഷനൽ നാച്വറൽ പാർക്ക് റിസർവിന്റെ ചുറ്റുമുള്ള പ്രദേശങ്ങളാണ് ഗവേഷണത്തിന് തിരഞ്ഞെടുത്തത്. \
പരിസ്ഥിതി അതോറിറ്റിയിലെ വിവിധ വകുപ്പുകളും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും പഠനത്തിൽ പങ്കെടുക്കുന്നുണ്ട്. സർവേയുടെ രണ്ടാംഘട്ടം വർഷത്തിന്റെ അവസാന പാദത്തിൽ ആരംഭിക്കുമെന്ന് ഐദ അറിയിച്ചു. സർവേയുടെ കണ്ടെത്തലുകളെക്കുറിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികൾ, ടൂറിസം സംരംഭങ്ങൾ, മഹിള അസോസിയേഷനുകൾ എന്നിവരെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ശിൽപശാലകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വറിന്റെ റെഡ് ലിസ്റ്റ് പ്രകാരം മുസന്ദത്തിലെ ജലാശയങ്ങളിലെ ആറ് സമുദ്ര സസ്തനികളെ വംശനാശഭീഷണി നേരിടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.