മസ്കത്ത്: സുൽത്താനേറ്റിൽ കലാസമൂഹത്തെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് 10 വർഷത്തെ വിസ അവതരിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന മജ്ലിസ് ശൂറ അംഗീകാരം നൽകി. മികച്ച സർഗാത്മക പ്രതിഭകളെ ആകർഷിക്കുന്ന സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ രൂപകൽപന ചെയ്ത സാംസ്കാരിക തന്ത്രത്തിന്റെ ഭാഗമാണിത്. രാജ്യത്തെ സാംസ്കാരിക രംഗവും വികസനവും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന നടപടികൾക്കും ശൂറ അംഗീകാരം നൽകി. ഒമാനിലേക്ക് ബുദ്ധിജീവികളെയും എഴുത്തുകാരെയും ആകർഷിക്കുന്നതിനാണ് പത്ത് വർഷത്തെ സാംസ്കാരിക വിസ രൂപകൽപന ചെയ്തിരിക്കുന്നത്. മീഡിയ ആൻഡ് കൾച്ചർ കമ്മിറ്റി നിർദേശിച്ച ഈ നീക്കം, സാംസ്കാരിക പൈതൃകം, വാസ്തുവിദ്യ, ഭാഷ, സാഹിത്യം, കാലിഗ്രഫി, ശിൽപം, ഡ്രോയിങ്, മറ്റു കലാമേഖലകൾ എന്നിവയുടെ പ്രാധാന്യത്തെ അടിവരയിടുന്നു.
സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഒമാനികളുടെ വേതനം വർധിപ്പിക്കാനുള്ള അഭ്യർഥനകൾക്കും ശൂറ കൗൺസിൽ അംഗീകാരം നൽകി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പ്രതിശീർഷ വരുമാനത്തിൽ അവരുടെ സംഭാവന വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. സ്വകാര്യ മേഖലയിലെ ഒമാനികളുടെ മിനിമം വേതനം ഉയർത്തുന്നത് അവരുടെ വാങ്ങൽ ശേഷിയെ സഹായിക്കുകയും പ്രാദേശിക വിപണിയിലെ പണമൊഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യും. നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവർണറേറ്റുകളിലെ തന്ത്രപരമായ പദ്ധതികളും ശൂറ അംഗീകരിച്ചു.
ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് അവരുടെ വൈദ്യുതി, ജല ബില്ലുകൾ വാണിജ്യത്തിൽനിന്ന് സോഷ്യൽ സെക്യൂരിറ്റി ഉടമകളുടെ താരിഫിലേക്ക് മാറ്റാൻ അനുമതി നൽകി. എല്ലാ സാമൂഹിക വിഭാഗങ്ങൾക്കിടയിലും സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ മേഖലയുടെ പങ്കിനെ അംഗീകരിക്കുന്നതാണ് ഈ മാറ്റം. നികുതി പിരിവിന്റെ കാര്യക്ഷമത സംബന്ധിച്ച ഇക്കണോമിക്-ഫിനാൻസിൽ കമ്മിറ്റിയുടെ റിപ്പോർട്ടും സെഷൻ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.