മസ്കത്ത്: ഖസിയാൻ സാമ്പത്തിക നഗരിയിലെ ‘സിലാൽ’പഴം -പച്ചക്കറി മൊത്ത വ്യാപാര മാർക്കറ്റിൽ സൗകര്യങ്ങൾ വികസിപ്പിക്കാനൊരുങ്ങി അധികൃതർ. 21000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കൂടി ശീതീകരണ -സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കാനാണ് തീരുമാനം. ഇതോടെ മാർക്കറ്റിന്റെ ശേഷി 31000 ടൺ ആയി ഉയരും.
കഴിഞ്ഞ ജൂൺ 29നാണ് ‘സിലാൽ’പഴം-പച്ചക്കറി മൊത്ത വ്യാപാര മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. ഇവിടെ ഒരുക്കിയിട്ടുള്ള ഏറ്റവും പുതിയ ശീതീകരണ സംവിധാനങ്ങൾ കേടുവരുന്ന പഴങ്ങളുടെയും പച്ചക്കറിയുടെയും അളവ് കുറച്ചതായി കണക്കുകൾ പറയുന്നു. അഞ്ചു ശതമാനത്തിൽ താഴെ ഉൽപന്നങ്ങൾ മാത്രമാണ് കഴിഞ്ഞ രണ്ടുമാസ കാലയളവിൽ ഇവിടെ കേടുവന്നത്. മവേലയിലെ മുൻ മാർക്കറ്റിൽ 35 ശതമാനത്തിലധികം ഉൽപന്നങ്ങൾ കേടുവന്നിരുന്ന സ്ഥാനത്താണിത്.
ശീതീകരിച്ച വെയർഹൗസുകളും വ്യാപാര ഹാളും ഉൽപന്നങ്ങൾ ഉയർന്ന നിലവാരത്തിൽ പുതുമ നഷ്ടപ്പെടാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സഹായകരമാകുന്നതായി ‘സിലാൽ’മാനേജിങ് ഡയറക്ടർ അലി ബിൻ സാലിം അൽ മുഖ്ബാലി പറഞ്ഞു. 30,000 ചതുരശ്ര മീറ്ററാണ് ഇവിടത്തെ മൊത്ത വ്യാപാര ഹാളിന്റെ വിസ്തീർണം. 126 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 90 ശീതീകരിച്ച വെയർഹൗസുകളും ഇവിടെയുണ്ട്.
നിലവിൽ സിലാൽ മാർക്കറ്റിൽ 25,000 ടൺ പഴങ്ങളും പച്ചക്കറികളും സുക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. വ്യാപാരികൾക്കും ഇറക്കുമതിക്കാർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ കസ്റ്റംസ് പരിശോധന, ക്വാറന്റൈൻ, ഭക്ഷ്യ സുരക്ഷാ സേവനം, പഴം-പച്ചക്കറി സാമ്പിൾ പരിശോധിക്കാനുള്ള വിശാല ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ട്രക്കുകൾക്കും വലിയ വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും പ്രത്യേക പ്രവേശന കവാടങ്ങൾ നിർമിച്ചത് ഗതാഗത സ്തംഭനം ഒഴിവാക്കാൻ സഹായകരമാണ്.
പ്രദേശിക കാർഷിക ഉൽപന്നങ്ങൾക്ക് പ്രത്യേക ഹബ്ബുണ്ടാക്കിയത് ഒമാനി കാർഷിക മേഖലക്ക് വലിയ അനുഗ്രഹമാവും. ഇവിടെ വിവിധ ഗവർണറേറ്റുകളിലെ കർഷകരിൽ നിന്ന് പച്ചക്കറികളും പഴ വർഗങ്ങളും നേരിട്ട് വാങ്ങാനുള്ള സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.