മസ്കത്ത്: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ പുത്തൻ ചുവടുവെപ്പുമായി റോയൽ ഒമാൻ പൊലീസ്. ഇതിന്റെ ഭാഗമായി സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു തുടങ്ങി. ഇവ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മൊബൈൽ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, റോഡ് സിഗ്നലിനു മുമ്പായി ലയ്ൻ മാറൽ എന്നിവ റഡാറിനു കണ്ടെത്താനാകും. സമാന രീതിയലുള്ള റഡാറുകൾ ജി.സി.സി രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് പുത്തൻ സംവിധാനം അധികൃതർ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാനമായും അപകടങ്ങൾ നടക്കുന്നത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതിലൂടെയാണെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ രാജ്യത്ത് 76,200 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ജി.സി.സി രാജ്യങ്ങളിൽനിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിച്ചതായി പലരും സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു.18,000റിയാൽവരെ പിഴ ലഭിച്ചിരുന്നുവെന്നാണ് പരാതികൾ ഉയർന്നിരുന്നത്. ഇത്തരം ഗതാഗത നിയമ ലംഘന പിഴകൾ ഒഴിവാക്കാൻ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കു യാത്ര പുറപ്പെടുന്നതിനു മുമ്പ് അവിടത്തെ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി നൽകാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ട്രാഫിക് പിഴ ശരി അല്ലെന്നോ അല്ലെങ്കിൽ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നോ തോന്നുകയാണെങ്കിൽ ഇത്തരക്കാർക്ക് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം വഴി പരാതി നൽകാവുന്നതാണ്. എന്നാൽ ഇതിനുപരിഹാരം ലഭിക്കാൻ കാലതാമസം പിടിക്കും. ഇത്തരക്കാർക്ക് പിഴ ലഭിച്ച ജി.സി.സി രാജ്യങ്ങളിൽപോയി നേരിട്ട് പരാതിയും നൽകാവുന്നതാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിഴകൾ ആർ.ഒ.പി വെബ് സൈറ്റ് വഴിയും അടക്കാവുന്നതാണ്. വാഹന രജിസ്ട്രേഷൻ പുതുക്കാൻ സമയമെടുത്തവർക്ക് ഇത്തരം പിഴകൾ വലിയ ബാധ്യതയാണ്. പിഴ അടച്ചുതീർത്താൽ മാത്രമേ ഇത്തരക്കാർക്ക് രജിസ്ട്രേഷൻ പുതുക്കാൻ കഴിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.