മസ്കത്ത്: ചില വിഭാഗം ബംഗ്ലാദേശികളെ ഒമാനിൽ നിലവിലുള്ള വിസ നിരോധനത്തിൽ ഒഴിവാക്കിയതായി ധാക്കയിലെ ഒമാൻ എംബസി അധികൃതർ അറിയിച്ചു. കുടുംബ വിസ, ജി.സി.സി രാജ്യങ്ങളിൽ റസിഡന്റ് വിസയുള്ളവർക്കുള്ള വിസിറ്റ് വിസ, ഡോക്ടർമാർ, എൻജിനീയർമാർ, നഴ്സ്മാർ, അധ്യാപകർ, അക്കൗണ്ടന്റുകൾ, നിക്ഷേപകർ, എല്ലാ വിഭാഗത്തിലുംപ്പെട്ട ഒഫിഷ്യൽ വിസകൾ, ഉയർന്ന വരുമാനക്കാർക്കുള്ള ടൂറിസ്റ്റ് വിസ എന്നിവക്കാണ് വിസാ നിരോധനം നീക്കിയത്.
ഈ വിഭാഗത്തിൽപ്പെട്ടവരുടെ വിസ അപേക്ഷകൾ ധാക്കയിലെ ഒമാൻ എംബസിയാണ് സ്വീകരിക്കുക. എംബസി അധികൃതർ റോയൽ ഒമാൻ പൊലീസുമായി ബന്ധപ്പെട്ടാണ് വിസകൾ ഇഷ്യു ചെയ്യുക.
ഓരോ വിസക്കും ആവശ്യമായ സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിസ ലഭിക്കാൻ ഒരാഴ്ച മുതൽ നാല് ആഴ്ച സമയമെ ടുക്കും. അപേക്ഷക്ക് ഒപ്പം സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിസ നൽകുന്നതിന്റെ സമയവും മറ്റും പരിഗണിക്കപ്പെടുക. രേഖകളും മറ്റും ക്ലിയറാ ണെങ്കിൽ ഒരു ആഴ്ചകൊണ്ടുതന്നെ വിസ ലഭിക്കും.
ഒമാനിൽ ബംഗ്ലാദേശ് സ്വദേശികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിസ നിരോധനം മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി എംബസി അധികൃതർ വ്യക്തമാക്കി. തികച്ചും സങ്കേതിക കാരണങ്ങളാണ് ബംഗ്ലാദേശികൾക്ക് വിസ നിരോധനം ഏർപ്പെടുത്തിയത്. ഒമാൻ തൊഴിൽ മാർക്കറ്റ് ക്രമീകരിക്കാനും വിലയിരുത്താനുംവേണ്ടിയായിരുന്നു നിരോധനം.
ഒമാനും ബംഗ്ലാദേശും തമ്മിൽ മികച്ച ഉഭയ കക്ഷി ബന്ധമാണുള്ളത്. ഈ ബന്ധം എല്ലാ മേഖലകളിലും വളരുകയും ചെയ്യുകയാണ്. ഇരു രാഷ്ട്ര തലവന്മാരും സർക്കാറും തമ്മിലും നല്ല ബന്ധവുമാണുള്ളത്.
കഴിഞ്ഞ വർഷം ഒക്ടോബർ 31മുതലാണ് ബംഗ്ലാദേശ് സ്വദേശികൾക്ക് എല്ലാ വിഭാഗത്തിലുംപ്പെട്ട വിസകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതു താൽകാലികമാണെന്ന് എംബസി വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. ഒമാനിൽ അനധികൃതമായി ജോലിചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.
വിസ ഉണ്ടായിട്ടും മറ്റു തൊഴിലുടമകൾക്കു കീഴിൽ ജോലി ചെയ്യുന്നവരും നിരവധിയുണ്ട്. ഇത്തരക്കാർക്ക് തൊഴിൽ സംരക്ഷണം അവകാശങ്ങളും ലഭിക്കാറില്ല. തൊഴിലാളികൾ ഉടമകൾക്ക് കീഴിൽ ജോലി ചെയ്യുക വഴി അവരുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടും. കമ്പനികളും വ്യക്തികളും നൽകുന്ന വിസയിൽ തന്നെ ജോലി ചെയ്യുമ്പോൾ അനുവദനീയമായ ജോലികൾ മാത്രം നൽകാൻ വ്യക്തികളും സ്ഥാപനങ്ങളും ബാധ്യസ്ഥരാവും.
അനധികൃതമായ ജോലികൾ നൽകി ജീവനക്കാരെ ചുഷണം ചെയ്യാൻ കഴിയില്ല. വിസ നിരോധനത്തിന്റെ പരമമായ ലക്ഷ്യം തൊഴിലാളികളെ സംരക്ഷിക്കാനാണെന്നും എംബസി അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തരം സാഹചര്യത്തിലാണ് ബംഗ്ലാദേശ് സ്വദേശികൾക്ക് വിസ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.