മസ്കത്ത്: സൂർ ഇന്ത്യൻ സ്കൂളിലെ 12ാം ക്ലാസ് സയൻസ് വിദ്യാർഥികളുടെയും ആദ്യ കോമേഴ്സ് ബാച്ചിന്റെയും ഗ്രാജ്വേഷൻ സെറിമണിയും യാത്രയയപ്പും വർണാഭ ചടങ്ങുകളോടെ നടന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റും സീ പ്രൈഡ് എൽ.എൽ.സിയുടെ ജനറൽ മാനേജറുമായ മുഹമ്മദ് അമീൻ ചടങ്ങിൽ മുഖ്യാതിഥിയായി. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ജീവിതവിജയം കൈവരിക്കാൻ വിദ്യാർഥികൾ തയാറാകണമെന്ന് ഹമ്മദ് അമീൻ പറഞ്ഞു. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഒരു വ്യക്തിയുടെ ജീവിതം എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ സംസാരിച്ചു. പോസിറ്റിവ് മനോഭാവം കരിയർ വികസനത്തിനും ജീവിതത്തിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ജാമി ശ്രീനിവാസ് റാവു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അക്കാദമിക് ചെയർമാൻ പ്രദീപ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ അഡ്വ. ടി.പി. സഈദ് എന്നിവർ സംബന്ധിച്ചു. അധ്യാപകരായ ഡോ. സുജാത, അശ്വതി എന്നിവർ കുട്ടികൾക്ക് ശോഭനമായ ഭാവി ആശംസിച്ച് സംസാരിച്ചു. വിദ്യാർഥികളുടെ ഭാവി പ്രവർത്തനങ്ങളിൽ അഭിവൃദ്ധിയും വിജയവും നേർന്ന് ഒരുകൂട്ടം അധ്യാപകർ ഗാനവും അവതരിപ്പിച്ചു. കരുതലോടെയും അർപ്പണബോധത്തോടെയും കുട്ടികളെ വളർത്തിയതിന് അധ്യാപകരോടും സ്ഥാപനത്തിനും രക്ഷിതാക്കൾ നന്ദി അറിയിക്കുകയും ചെയ്തു. കോമേഴ്സ് അധ്യാപിക സുനൈന അമീൻ സ്വാഗതവും കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ മുഹമ്മദ് സമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.