മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിന് കീഴിലുള്ള കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ സ്കൂളിലെ കുട്ടികളുടെ ഫീസ് കുത്തനെ വർധിപ്പിച്ച വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം പറഞ്ഞു. രക്ഷിതാക്കളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 35ലേറെ രക്ഷിതാക്കൾ ഒപ്പിട്ട നിവേദനം കൈമാറി. രക്ഷിതാക്കളുടെ പ്രതിനിധികളായി അഞ്ചുപേരാണ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയത്. 52 ശതമാനം ഫീസ് വർധനയാണ് ഉണ്ടായതെന്നും ഇത് നിലവിലെ അവസ്ഥയിൽ താങ്ങാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ചു.
ഇത്ര ഉയർന്ന ഫീസ് കൊടുത്ത് കുട്ടിയെ പഠിപ്പിക്കുന്നത് ചിന്തിക്കാൻ കഴിയില്ല. അതിനാൽ പല കുട്ടികൾക്കും വിദ്യാഭ്യാസം നിർത്തേണ്ടി വരുന്ന സ്ഥിതിയാണെന്നും രക്ഷിതാക്കൾ പറഞ്ഞു. സ്കൂളിന്റെ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. വിഷയം ബോർഡിൽ അവതരിപ്പിക്കുകയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുമായി ചർച്ച നടത്തി പത്തു ദിവസത്തിനുള്ളിൽ ഉചിതമായ തീരുമാനമുണ്ടാക്കാമെന്നുമാണ് ചെയർമാൻ രക്ഷിതാക്കളെ അറിയിച്ചത്. എന്നാൽ കുത്തനെ കൂട്ടിയ ഫീസിൽ നേരിയ ഇളവ് വരുത്തിയുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും രക്ഷിതാക്കൾ അറിയിച്ചു. നേരത്തെ 52 റിയാലുണ്ടായിരുന്ന ഫീസ് 79 ആയാണ് ഉയർത്തിയത്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതാണ് കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ സ്കൂൾ. ഇന്ത്യക്കാർക്കൊപ്പം മറ്റ് രാജ്യങ്ങളിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്കൂളിന്റെ പേരിൽ പുറത്തിറക്കിയ തീയതി രേഖപ്പെടുത്താത്ത സർക്കുലറിലാണ് ഫീസ് വർധന സംബന്ധിച്ച അറിയിപ്പുള്ളത്. ഏപ്രിൽ ഒന്ന് മുതൽ ഫീസ് വർധന നടപ്പാക്കുമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ, സ്കൂളിന്റെ നടത്തിപ്പിന് വൻ സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നും അർഹരായ കുട്ടികൾക്ക് ഫീസിളവ് നൽകുമെന്നുമാണ് സ്കൂളുമായി ബന്ധപ്പെട്ടവർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.