മസ്കത്ത്: ഇന്ത്യൻ സ്കൂൾ സൂറിൽ ഡിസംബർ എട്ടിന് നടത്തുന്ന ശാസ്ത്ര-കല പ്രദർശനവും സാംസ്കാരിക സായാഹ്നവുമായ 'സ്റ്റീം സൂർ 22'ന്റെ ലോഗോ വിദ്യാഭ്യാസ മന്ത്രാലയം ഭൂവകുപ്പ് മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ശ്രീനിവാസ് റാവു, അംഗം എ.വി. പ്രദീപ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു.ഉയർന്ന നിലവാരമുള്ള പ്രോജക്ടുകൾ വിദ്യാർഥികൾ മേളയിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീനിവാസ് റാവു പറഞ്ഞു.
'സ്റ്റീം സൂർ'22 (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, ആർട്സ് ആൻഡ് മാത്തമാറ്റിക്സ്) എന്ന പേരിൽ നടക്കുന്ന എക്സിബിഷൻ വിദ്യാർഥികളെ ശാസ്ത്രകാര്യങ്ങളിൽ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും പങ്കുവെക്കുന്ന സംഗമവേദിയായി പരിപാടി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്കൂൾ സൂർ, ജലാൻ, വിവിധ സ്വകാര്യ-ഒമാനി സ്കൂളുകൾ, ശർഖിയ മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രദർശനങ്ങളാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദർശനം രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെയായിരിക്കും. വൈകീട്ട് 5.30 മുതൽ സാംസ്കാരിക പരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.