മസ്കത്ത്: ഗൾഫിലെ കേരളം എന്നറിയപ്പെടുന്ന സലാലയിലെ ഏറ്റവും വലിയ ആകർഷണീയതയാണ് നാടിനെ അനുസ്മരിക്കുന്ന തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളും പപ്പായകൃഷിയും. പച്ചക്കറി തോട്ടങ്ങളും സലാലയിൽ ധാരാളമുണ്ട്. മലയാളികളും ബംഗ്ലാദേശ് സ്വദേശികളും പാട്ടത്തിനെടുത്ത് നടത്തുന്ന ഇത്തരം കൃഷിത്തോട്ടങ്ങളിൽ ബഹുഭൂരിപക്ഷവും വെള്ളിയാഴ്ച രാത്രി വീശിയടിച്ച ചുഴലിക്കാറ്റിൽ കടപുഴകി വീണു. സലാലയിലും പരിസരത്തുമുള്ള ഏതാണ്ട് 90 ശതമാനത്തോളം വാഴ-കപ്പത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും കാറ്റിൽ നശിച്ചതായി പാലക്കാട് ഒറ്റപ്പാലം സ്വദേശി സെയ്തലവി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വരും മാസങ്ങളിൽ വിളവെടുപ്പ് സാധ്യമാകുന്നവയാണ് നശിച്ചതിൽ ഭൂരിപക്ഷവും.
ഉയരംകുറഞ്ഞ ഇനത്തിൽ പെട്ട വാഴത്തൈകളാണ് കാറ്റിനെ അതിജീവിച്ചത്. തോട്ടങ്ങളുടെ നടത്തിപ്പുകാരിലും ജോലിക്കാരിലും നല്ലൊരു ശതമാനം മലയാളികളാണ്. തോട്ടങ്ങളിൽനിന്നുള്ള സാധനങ്ങൾ ശേഖരിച്ച് സലാലയിലും മസ്കത്തിലുമെത്തിച്ച് കച്ചവടം നടത്തുന്നവരിലും നല്ലൊരുപങ്ക് മലയാളികളാണ്. അടുത്ത മാസത്തോടെ സലാലയിൽ ഖരീഫ് കാലത്തിന് തുടക്കമാവുകയാണ്. ഖരീഫ് കാലത്ത് ഏറ്റവുമധികം കച്ചവടം നടക്കുന്നവയാണ് വാഴപ്പഴങ്ങളും കരിക്കും പപ്പായയുമെല്ലാം. നിലവിലെ സാഹചര്യത്തിൽ ഖരീഫിൽ ഇവയുടെ ലഭ്യതക്ക് വളരെയധികം കുറവുണ്ടാകും.
അടുത്ത മൂന്നു നാലു മാസത്തേക്ക് സലാലയിൽനിന്നുള്ള പച്ചക്കറികളുടെയും പഴ വർഗങ്ങളുടെയും ലഭ്യതക്ക് കുറവുണ്ടാകാനാണ് സാധ്യതയെന്ന് സെയ്തലവി പറഞ്ഞു. പത്തു ശതമാനത്തോളം തെങ്ങുകളെയും കാറ്റ് ബാധിച്ചിട്ടുണ്ട്. തെങ്ങുകളിൽ പലതിെൻറയും തലപ്പ് തെറിച്ചുപോയിട്ടുണ്ട്. പച്ചക്കറി തോട്ടങ്ങളാണെങ്കിൽ വെള്ളം കയറിക്കിടക്കുകയാണ്. ഇവയുടെ നാശത്തിെൻറ വ്യാപ്തി വരുംദിവസങ്ങളിൽ മാത്രമാണ് വ്യക്തമാവുക. വിദേശികൾ സ്പോൺസറെ ഇടനിലക്കാരാക്കിയാണ് തോട്ടങ്ങൾ പാട്ടത്തിന് എടുക്കാൻ കരാർ ഉണ്ടാക്കുക.
കരാർ പലപ്പോഴും വാക്കാലുള്ളതാകും. പ്രകൃതിക്ഷോഭം മൂലവും മറ്റും നഷ്ടങ്ങൾ വരുേമ്പാൾ ചില സ്വദേശി തോട്ടം ഉടമകൾ വാടകയിൽ ഇളവുനൽകാറുണ്ടെന്ന് സെയ്തലവി പറഞ്ഞു. ചിലർ വാടകയിൽ ഇളവൊന്നും നൽകാറില്ല. എന്തായാലും തോട്ടങ്ങൾ പഴയ രീതിയിൽ ആക്കിയെടുക്കാൻ നടത്തിപ്പുകാർ പണം മുടക്കേണ്ടിവരും. തൊഴിലാളികൾക്കുള്ള ശമ്പളം കൂടി കണക്കിലെടുക്കുേമ്പാൾ വലിയ സാമ്പത്തിക ബാധ്യതയാകും നടത്തിപ്പുകാർക്ക് ഉണ്ടാവുക. തോട്ടങ്ങൾക്ക് ഒപ്പം വിവിധയിടങ്ങളിലുള്ള കരിക്കു കടകളും പൂർണമായി നിലംപൊത്തിയിട്ടുണ്ട്. മലയാളികൾ തന്നെയാണ് കരിക്കുകടകളിൽ ഭൂരിപക്ഷത്തിെൻറയും നടത്തിപ്പുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.