മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റി റിയാദയുമായി സഹകരിച്ച് അമീറാത്തിൽ സ്ട്രീറ്റ് ഫുഡിന് (മസാർ) മാത്രമായി ഒരു പ്രത്യേക ഇടമൊരുക്കും. ചെറുകിട വ്യാപാര ഉടമകളെ പിന്തുണക്കുന്നതിനും തെരുവ് കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം.
ഏറ്റവും ഉയർന്ന സാങ്കേതികവും ആരോഗ്യപരവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്ത 20 ആധുനിക ഭക്ഷണ വണ്ടികളിൽ എല്ലാ അടിസ്ഥാന സേവനങ്ങളും ഉൾപ്പെടുന്ന സംയോജിത സൈറ്റായിരിക്കും ഇത്.
ആവശ്യമായ ആരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന, സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനൊപ്പം അതുല്യമായ ഡൈനിങ് അനുഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള ഒരു ലക്ഷ്യസ്ഥാനമായി ഈ പദ്ധതി മാറും. നേരത്തെ മസ്കത്ത് മുനിസിപ്പാലിറ്റി വഴിയോര കച്ചവടക്കാരെ മത്ര വിലായത്തിലെ വാദി കബീറിലെ ഒരു സമർപ്പിത മേഖലയിൽ പ്രവർത്തിക്കാനായി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ മത്രയിൽ താമസിക്കുന്ന ഉടമകൾക്ക് മുൻഗണന നൽകും. ഇവിടെയുള്ള പ്രവർത്തനങ്ങൾക്കായി ഓപറേറ്റർക്ക് ലൈസൻസ് ഉണ്ടായിരിക്കണം. 18 വയസ്സ് തികഞ്ഞ സ്വദേശി പൗരനും ആയിരിക്കണം. മറ്റേതെങ്കിലും വാണിജ്യപരമോ പ്രൊഫഷനലോ കരകൗശലമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അപേക്ഷകന് മറ്റൊരു ലൈസൻസ് ഉണ്ടായിരിക്കരുത്. ഏകദേശം 12 വഴിയോര കച്ചവടക്കാർക്ക് വൈദ്യുതി, വെള്ളം കണക്ഷനുകൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.