മസ്കത്ത്: വലിയ പെരുന്നാൾ അവധി ദിവസങ്ങളിലെ കോവിഡ് സമൂഹ വ്യാപനം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള സായാഹ്ന ലോക്ഡൗൺ ഇന്ന് മുതൽ നിലവിൽ വരും. വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിനൊപ്പം സഞ്ചാരവിലക്കും പ്രാബല്യത്തിലുണ്ടാകും. ജൂൈല 31 വരെയാണ് സായാഹ്ന ലോക്ഡൗൺ പ്രാബല്യത്തിലുണ്ടാവുക.
ഇതിൽ പെരുന്നാൾ ദിനമായ ജൂലൈ 20നും 21,22 തീയതികളിലും സമ്പൂർണ അടച്ചിടലായിരിക്കും ഉണ്ടാവുക. ലോക്ഡൗൺ നിർദേശങ്ങളും കോവിഡ് മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി ജനങ്ങൾക്ക് നിർദേശം നൽകി.
സമ്പൂർണ ലോക്ഡൗൺ സമയത്ത് ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ യാത്രാനുമതി നൽകുന്നതിനുമായി ജോയൻറ് ഓപറേഷൻസ് സെൻറർ പ്രവർത്തിക്കും. റോയൽ ഒമാൻ പൊലീസ്, ഹെൽത്ത്കെയർ, നഗരസഭ, ടൂറിസം, ട്രേഡ് ആൻഡ് ഇൻഡസ്ട്രി, കാർഷിക-മത്സ്യബന്ധനമടക്കം വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഓപറേഷൻസ് സെൻററിലുണ്ടായിരിക്കും. ആവശ്യക്കാർക്ക് 1099 എന്ന നമ്പറിൽ വിളിച്ചാൽ ഓപറേഷൻസ് സെൻററുമായി ബന്ധപ്പെടാൻ സാധിക്കും. ബലി പെരുന്നാൾ പ്രാർഥനകൾക്കും പരമ്പരാഗത പെരുന്നാൾ ചന്തകൾക്കും സുപ്രീം കമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പെരുന്നാൾ അവധി ദിവസങ്ങളിൽ പാടില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സുപ്രീം കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കാൻ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി റോയൽ ഒമാൻ പൊലീസും അറിയിച്ചു.
കർഷകർ, ആടുമാടുകളെ പരിചരിക്കുന്നവർ എന്നിവർക്ക് സയാഹ്ന ലോക്ഡൗണിൽ നിന്ന് ഭാഗിക ഇളവ് നൽകിയതായി ഗവൺമെൻറ് കമ്യൂണിക്കേഷൻസ് സെൻറർ അറിയിച്ചു. ഇവർക്ക് വൈകീട്ട് അഞ്ച് മുതൽ രാത്രി 11 വരെയുള്ള സമയത്ത് സഞ്ചരിക്കാം. സമ്പൂർണ ലോക്ഡൗൺ സമയങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്ക് ഇളവ് ലഭിക്കും; 1. ബാങ്കിങ് മേഖലയിൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ 2. ഫാക്ടറികളിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബസുകൾ 3. സർക്കാർ കരാർ ഉള്ള ബേക്കറികളുടെയും ലോൺഡ്രികളുടെയും ട്രാൻസ്പോർട്ട് വാനുകൾ 4. ഹോട്ടലുകളിലെ ജീവനക്കാർ 5. മത്സ്യ തൊഴിലാളികൾ 6. പെട്രോൾ സ്റ്റേഷനുകൾക്ക് ഉള്ളിലെ ടയർ, വാഹന അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ 7. പമ്പുകളും ആധുനിക ഇറിഗേഷൻ സംവിധാനങ്ങളും വിൽപന നടത്തുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾ. 8. ഇലക്ട്രിക്കൽ-സാനിറ്ററി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ (സ്ഥാപനം തുറക്കാതെ വിളിക്കുേമ്പാഴുള്ള സേവനം മാത്രം). 9. ആശുപത്രികളടക്കം ആരോഗ്യ കേന്ദ്രങ്ങൾ 10. ഫാർമസിസ്റ്റ് 11. അടിയന്തര സേവന വാഹനങ്ങൾ 12. തുറമുഖങ്ങളും വിമാനത്താവളങ്ങളും 13. മൂന്ന് ടണ്ണിന് മുകളിലുള്ള ട്രക്കുകൾ 14. ഇന്ധന സ്റ്റേഷനുകളിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ 15. മാധ്യമ സ്ഥാപന ജീവനക്കാർ 16. റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗത്തിലെ ജീവനക്കാർ 17. സ്പെഷലൈസ്ഡ് ഇൻഷുറൻസ്, ഫ്രൈറ്റ്, കസ്റ്റംസ്റ്റംസ് വിഭാഗത്തിലെ ഷിഫ്റ്റ് ജീവനക്കാർ 18. എണ്ണ, വാതക മേഖലയിലുള്ളവർ 19. ഭക്ഷ്യ പരിശോധനാ ലാബുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.