മസ്കത്ത്: ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന സുഹാർ ഫെസ്റ്റിവൽ സന്ദർശിച്ചത് 9,28,000 പേർ. ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിൽ 9,28,000 ആളുകളാണ് എത്തിയതെന്ന് സുഹാർ ഫെസ്റ്റിവലിന്റെ മെയിൻ കമ്മിറ്റി ചെയർമാനും വടക്കൻ ബാത്തിന ഗവർണറുമായ മുഹമ്മദ് സുലൈമാൻ അൽ കിന്ദി പറഞ്ഞു. 137 കുടുംബങ്ങൾ അവരുടെ ഭവനങ്ങളിൽ നിർമിച്ച ഉൽപന്നങ്ങളും 37 ചെറുകിട ഇടത്തരം സംരംഭങ്ങളും ഫെസ്റ്റിവലിൽനിന്ന് പ്രയോജനം നേടി. പരിപാടിയിലൂടെ ഉദ്ദേശിച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തൊഴിലന്വേഷകർക്ക് താൽക്കാലിക ജോലി നൽകുകയും കുടിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾക്ക് ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ അവസരമൊരുക്കുകയും ചെയ്തുവെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 18 മുതൽ ഡിസംബർ 18 വരെയായിരുന്നു ഫെസ്റ്റിവൽ നടന്നത്. ഫെസ്റ്റിവലിൽ ലോകകപ്പ് മത്സരം പ്രദർശിപ്പിക്കാനായി കൂറ്റൻ സ്ക്രീനും ഗാലറിയും ഒരുക്കിയിരുന്നു. സുഹാർ സനായ ഇൻഡസ്ട്രിയൽ ഏരിയ റോഡിലെ അമ്യൂസ്മെന്റ് സെന്ററിലാണ് ബിഗ് സ്ക്രീൻ ഒരുക്കിയത്.
സ്വദേശികളും വിദേശികളും അടക്കം വലിയ ആൾക്കൂട്ടമാണ് പരിപാടി കാണാൻ എത്തിയത്. പാർക്കിലേക്കുള്ള പ്രവേശനം ജനബാഹുല്യംകൊണ്ട് പലപ്പോഴും തടസ്സപ്പെട്ടു. വലിയ ശബ്ദസജ്ജീകരണവും വെളിച്ച സംവിധാനവും പ്രേക്ഷകർക്ക് നവ്യാനുഭവം സമ്മാനിക്കുന്നതായി. നല്ല കാലാവസ്ഥയും ആളുകളെ ഫെസ്റ്റിവൽ നഗരിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളിലൊന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.