മസ്കത്ത്: സാമൂഹിക സാമ്പത്തിക മേഖലക്ക് ഏറെ ഗുണകരമാവുന്ന 130 ദശലക്ഷം റിയാലിന്റെ പദ്ധതികൾക്ക് സുൽത്താൻ അംഗീകാരം നൽകി. അൽ ബറക പാലസിൽനടന്ന മന്ത്രിസഭ യോഗത്തിലാണ് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് വിവിധ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയത്. ഇതിൽ 70 ദശലക്ഷം റിയാൽ നിലവിലെ പഞ്ചവത്സര പദ്ധതി കാലത്ത് പാർപ്പിട നഗര വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള വീടുനിർമാണ പദ്ധതികൾക്കുള്ള സഹായമായാണ് നീക്കിവെച്ചത്.
450 റിയാലോ അതിൽ താഴെയോ മാസ ശമ്പളമുള്ളവരുടെ പാർപ്പിട വായ്പകളുടെ ബാക്കി സംഖ്യ എഴുതിത്തള്ളാനുള്ള മന്ത്രിസഭയുടെ തീരുമാനത്തിനും സുൽത്താൻ അംഗീകാരം നൽകി. 2022 മേയ്-ആഗസ്റ്റ് കാലയളവിൽ താമസ വിഭാഗത്തിൽപെട്ടവരുടെ രണ്ടോ അതിൽ കുറവോ അക്കൗണ്ടുകൾക്ക് 15 ശതമാനം വൈദ്യുതി നിരക്കിളവ് നൽകാനുള്ള തീരുമാനത്തിനും അംഗീകാരം നൽകി.
ജോലിനഷ്ടപ്പെട്ട സ്വദേശികൾക്ക് ഈവർഷം അവസാനംവരെ തൊഴിൽ സുരക്ഷ ആനുകൂല്യവും നൽകും. റിയാദ കാർഡുടമകൾക്ക് ചെറുകിട ഇടത്തരം സംരംഭ വികസന അതോറിറ്റി നൽകിയ വായ്പകൾക്ക് ഇളവ് നൽകാനും അംഗീകാരമായി. ചെറുകിട ഇടത്തരം സംരംഭകർ വായ്പകൾ തിരിച്ചടക്കാത്തതിന്റെ പേരിലുള്ള പിഴകളും ഫീസുകളും ഈവർഷം അവസാനംവരെ ഒഴിവാക്കും. സ്വകാര്യ വാണിജ്യ വാഹനങ്ങളുടെ 2020-21 കാലത്തെ പിഴകളും ഫീസുകളും ഒഴിവാക്കാനും തീരുമാനിച്ചു. അൽ ബറക പാലസിൽ നടന്ന മന്ത്രിസഭ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.