സൂർ: സൂർ ഇന്ത്യൻ സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥികളുടെ ഗ്രാജുവേഷൻ സെറിമണിയും യാത്രയപ്പും സംഘടിപ്പിച്ചു. ഈ വർഷം സ്കൂളിൽനിന്ന് 55 വിദ്യാർഥികളാണ് 12ാം ക്ലാസ് പൂർത്തിയാക്കിയിരിക്കുന്നത്. ചടങ്ങിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിപ്രസിഡന്റ് ജാമി ശ്രീനിവാസ റാവു, കൺവീനർ എ.വി. പ്രദീപ് കുമാർ, ട്രഷറർ അഡ്വ ടി.പി. സഈദ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. രാംകുമാർ, ഷബീബ് മുഹമ്മദ്, നിഷ്രീൻ ബഷീർ, പ്രിൻസിപ്പൽ ഡോ.എസ്. ശ്രീനിവാസൻ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
സ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികളെ അധ്യക്ഷ പ്രസംഗത്തിൽ ജാമി ശ്രീനിവാസ റാവു അഭിനന്ദിച്ചു. ജീവിതത്തിലെ വെല്ലുവിളികളെ ഫലപ്രദമായി അതിജീവിക്കാൻ തങ്ങൾ നേടിയ അറിവ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു. അർഥപൂർണമായ ജീവിതം രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ.രാംകുമാർ പറഞ്ഞു. വിജയം നേടിയെടുക്കുന്നതിൽ ആത്മവിശ്വാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഷബീബ് മുഹമ്മദ് സൂചിപ്പിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിജയാശംസകൾ നേരുകയാണെന്ന് നിഷ്രീൻ ബഷീർ പറഞ്ഞു.
ഭാവിയിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും അർപ്പണബോധത്തോടെയും നേരിടാൻ വിദ്യാർഥികൾ തയാറാകണമെന്ന് പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ പറഞ്ഞു. സയൻസ് എച്ച്.ഒ.ഡി സരളയും വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. വിദ്യാർഥികൾ തങ്ങളുടെ സ്കൂൾ ജീവിത അനുഭവങ്ങളും ചടങ്ങിൽ പങ്കുവെച്ചു. സൂർ സ്കൂളിന്റെ അഭിനന്ദനത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി വിദ്യാർഥികൾക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. ഇംഗ്ലീഷ് എച്ച്.ഒ.ഡി ഡോ.ആർ.വി. പ്രദീപ് പരിപാടിയുടെ അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.