മസ്കത്ത്: സുൽത്താന്റെ ഇറാൻ സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുള്ളാഹിയനും ടെഹ്റാനിൽ സംയുക്ത വാർത്താസമ്മേളനം നടത്തി. സുൽത്താന്റെ ഇറാൻ സന്ദർശനം ആഴത്തിൽ വേരൂന്നിയ ഉഭയകക്ഷി ബന്ധത്തിന്റെ വിപുലീകരണമാണെന്നും രണ്ട് സൗഹൃദ രാജ്യങ്ങൾക്കിടയിൽ ഫലപ്രദമായ സഹകരണം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള യോജിച്ച പ്രവർത്തനത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടുമെന്നും സയ്യിദ് ബദർ പറഞ്ഞു.
എണ്ണ, വാതകം, പുനരുപയോഗ ഊർജം, ടൂറിസം, കൃഷി, വ്യവസായം, കടൽ യാത്ര, ഒമാനി, ഇറാനിയൻ തുറമുഖങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുക തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒപ്പുവെച്ച ഉഭയകക്ഷി കരാറുകൾ സജീവമാക്കുന്നതിൽ ഇരു രാജ്യങ്ങളും കൈകോർക്കുമെന്ന് ബദർ പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങൾക്കും സംഭവവികാസങ്ങൾക്കും സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താനുമുള്ള ഇരുരാജ്യങ്ങളുടെയും താൽപര്യത്തെ അദ്ദേഹം അടിവരയിട്ടു.
സുൽത്താനും പ്രസിഡന്റും തമ്മിൽ നടന്ന കൂടിക്കാഴ്ച വിവിധ രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സാംസ്കാരിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഡോ. ഹുസൈൻ പറഞ്ഞു. സമുദ്രഗതാഗതം, ഇരു രാജ്യങ്ങൾക്കുമിടയിൽ ഷിപ്പിങ് ലൈനുകൾ സജീവമാക്കൽ, ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറുകളും ധാരണാപത്രങ്ങളും അവലോകനം ചെയ്യൽ എന്നിവക്കും യോഗം ഊന്നൽ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനി വിദേശനയത്തെയും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ നിലപാടുകളെയും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും സാക്ഷാത്കരിക്കുന്നതിൽ സുൽത്താനേറ്റ് വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെയും ഇറാൻ മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.