മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു ഹസ്സൻ വിലായത്തിന് ഉത്സവമായി ‘തബ്സീൽ’ ഈത്തപ്പഴ വിളവെടുപ്പ്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജഅലൻ ബാനി ബുഹസ്സൻ വാലി മുഹമ്മദ് ബിൻ അലി അകാക്കിന്റെ മേൽനോട്ടത്തിലാണ് വിളവെടുപ്പ് നടത്തിയത്. നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയാണ് ‘തബ്സീൽ’ ഈത്തപ്പഴ വിളവെടുപ്പ് നടക്കാറുള്ളത്. ഉയർന്ന താപനില കാരണം ‘ബുസൂർ’ ഈത്തപ്പഴമാണ് ഇത്തവണ നേരത്തേ പാകമായത്. ജദാദും പാകമായി തുടങ്ങിയിട്ടുണ്ട്.
ഈത്തപ്പഴത്തിന്റെ നിറം മഞ്ഞയാവുന്നത് മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. വെട്ടിയെടുക്കുന്ന ഈത്തപ്പഴ കുലകൾ കയർ ഉപയോഗിച്ചാണ് നിലത്തിറക്കുന്നത്. ഒട്ടക പുറത്തോ കഴുത പുറത്തോ ആണ് കുലകൾ സംസ്കരണ സ്ഥലത്തേക്ക് എത്തിക്കുന്നത്. നിരവധി കുട്ടികളും സ്ത്രീകളും ഇതിനെ അനുഗമിക്കും.
വേർതിരിച്ചെടുത്ത ഈത്തപ്പഴം വലിയ ചെമ്പ് പാത്രത്തിലിട്ടാണ് വേവിക്കുന്നത്. 15 മുതൽ 20 മിനിറ്റ് വരെയാണ് ഇവ വേവിക്കുന്നത്. ഇതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ മസ്തിന എന്നറിയപ്പെടുന്ന ഗ്രൗണ്ടിൽ ഉണങ്ങാനിടും. ഈ ഗ്രൗണ്ടിൽ അഞ്ച് മുതൽ പത്ത് ദിവസം നോരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവ കിടക്കും. കാലാവസ്ഥയുടെ വ്യത്യാസമനുസരിച്ച് ഉണക്കൽ കാലവും നീളും. ഉണങ്ങിക്കഴിയുന്നതോടെ വിപണനത്തിന് തയാറാകും. ഈത്തപ്പഴങ്ങൾ പ്രദേശിക മാർക്കറ്റിലും അന്തരാഷ്ട്ര മാർക്കറ്റിലും വിൽക്കപ്പെടും.
ഇന്ത്യ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവ വിപണനം ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും ഈത്തപ്പഴത്തിന് ആവശ്യക്കാർ വർധിക്കുന്നുണ്ട്. നെതർലാൻഡിൽ ചോക്ലേറ്റ് ഉൽപാദനത്തിന് ഈത്തപ്പഴം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഈത്തപ്പഴം വേവിക്കുന്നതിന് അൽ മബ്സലി, മദ്ലൂകി, ബൊളാറംഗ എന്നീ രീതികളമുണ്ട്. അലങ്കാര വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികൾ തോട്ടങ്ങളിൽ നിന്ന് ഈത്തപ്പഴം കൊയ്തിടുന്ന സമയം മുതൽ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടാവും. കഴുതപ്പുറത്തും ഒട്ടക പുറത്തുമായി സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കുവാനും ഇവർ കൂടെയുണ്ടാകും.
ജഅലൻ ബാനി ബു ഹസൻ വിലായത്തിലെ ഈത്തപ്പനകളുടെ എണ്ണം 1,15,367 ആയി ഉയർന്നതായി വിലായത്തിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ വകുപ്പ് ഡയറക്ടർ സലേം ബിൻ സുൽത്താൻ അൽ അറൈമി പറഞ്ഞു. ഒരു ഈന്തപ്പനയിൽനിന്ന് ശരാശരി 68 കിലോഗ്രാം എന്ന തോതിൽ കഴിഞ്ഞ വർഷം 7,798 ടണ്ണാണ് ആകെ ഉൽപാദിപ്പിച്ചത്.
കൃഷിയിലും ഈത്തപ്പന സംരക്ഷണത്തിലും ആധുനിക രീതികൾ അവലംബിച്ചും ഈത്തപ്പന മേഖല വികസിപ്പിക്കുന്നതിന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.