മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് തീരത്തോടടുക്കുകയാണെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്‍റെ ഫലമായുള്ള കനത്ത മഴയും കാറ്റും ദോഫാര്‍, അല്‍ വുസ്‌റ്റ ഗവര്‍ണറേറ്റുകളിൽ തുടരും. അതേസമയം കാറ്റ് ശക്തി കുറഞ്ഞ് കാറ്റഗറി രണ്ടിൽനിന്ന് ഒന്നായിട്ടുണ്ട്. തേജ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോഴും സലാലയിൽനിന്ന് 270 കിലോമീറ്റര്‍ അകലെയാണ്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഇതിന്റെ ചലനം ഇപ്പോഴും തുടരുകയാണ്. മണിക്കൂറിൽ 118 മുതൽ 151 കി.മീറ്റർ വേഗതയലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.
കാറ്റിന്റെ ചലനത്തിലുണ്ടായ വ്യത്യാസമനുസരിച്ച് ചൊവ്വാഴ്ച രാവിലെ യമനിലെ അല്‍ മഹ്റ ഗവര്‍ണറേറ്റില്‍ തീരം തൊടാനാണ് സാധ്യതയെന്ന് സി.എ.എയുടെ പുതിയ മുന്നറിയിപ്പിൽ പറയുന്നു.
അൽവുസ്ത ഗവർണറേറ്റിലും ദോഫാറിന്‍റെ തെക്കൻ ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു. വിവിധ ഇടങ്ങളിൽ 50മുതൽ 300 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകിയേക്കും. മണിക്കൂറിൽ 74മുതൽ 129 കി.മീറ്റർ വേതയിലായിരിക്കും കാറ്റ് വീശുക. തിരമാലകൾ അഞ്ച്മുതൽ 10 മീറ്റർവരെ ഉയർന്നേക്കും. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
അതേസമയം, ചുഴലികാറ്റിന്‍റെ നേരിട്ടുള്ള ആഘാതം ഞായറാഴ്ച രാത്രിയോടെതന്നെ ദോഫാറിലും അൽവുസ്തയിലും തുടങ്ങിയിരുന്നു. കനത്ത കാറ്റും മഴയുമാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. സദാ, മിർബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യുത്, സലാല തുടങ്ങിയ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. നേരിയതോതിൽ തുടങ്ങിയ മഴ അർധ രാത്രിയോടെ ശക്തിയാർജിക്കുകയായിരുന്നു. പലയിടത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. നിതാന്ത ജാഗ്രതയുമായി അധികൃതർ കാര്യങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
ദോഫാറിൽ 15,000 പേർക്ക് താമസിക്കാനായി 69 ദുരിതാശ്വാസ കേന്ദ്രങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഹലാനിയത്ത് ഐലൻഡ്സ്, സലാല, റഖ്യുത്, ധൽകോട്ട് എന്നീ വിലായത്തുകളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിച്ചു. സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയും ഒഴിപ്പിച്ചു. എന്നാൽ, അത്യാഹിത കേസുകൾ സലാലയിലെ കാർഡിയാക് മെഡിസിൻ ആൻഡ് സർജറി സെന്ററിന്‍റെ കെട്ടിടത്തിലും സലാലയിലെ ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലും സ്വീകരിക്കും. ചില റൂട്ടുകളിൽ ബസ്, ഫെറി സർവീസുകൾ മുവാസലാത്ത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. റൂട്ട് 100 (മസ്‌കത്ത്-ഹൈമ-സലാല), റൂട്ട് 102 (മസ്‌കത്ത്-മർമുൽ- സലാല) എന്നീ സർവീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. അതേസമയം, മറ്റു റൂട്ടുകളിൽ പ്രവർത്തനം പതിവുപോലെ തുടരും.
അൽ ഹലാനിയത്ത്-താഖ റൂട്ടിൽ ഫെറി സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ, ഷാന്ന-മസിറ റൂട്ടിലും മുസന്ദം ഗവർണറേറ്റിലേക്കുമുള്ളഎല്ലാ റൂട്ടുകളിലും പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. അധികൃതരുമായി സംഭവവികാസങ്ങൾ പിന്തുടരുകയാണെന്നും കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും സേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള വിവരങ്ങൾ ഉപയോക്താക്കളെ അറിയിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തൊഴിൽ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസവും അവധി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.