മാസങ്ങൾക്കു ശേഷമുള്ള ഒമാൻ ടീമിന്റെ പ്രകടനം പുതിയ പരിശീലകന് കീഴിൽ വീക്ഷിക്കാൻ റമദാൻ മാസം ആയിട്ടും സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് 21,863 പേർ. ദേശീയ പതാകയും വാദ്യമേളങ്ങളുമായി തുടക്കം മുതൽക്കുതന്നെ ടീമിന്റെ മുന്നേറ്റത്തിൽ ആർപ്പുവിളിച്ചു പ്രോത്സാഹിപ്പിച്ചു. എന്നാൽ, ആദ്യ പകുതിയിൽതന്നെ മൂന്നിലധികം തുറന്ന അവസരങ്ങളാണ് ടീം കളഞ്ഞുകുളിച്ചത്. മലേഷ്യൻ ടീമിന്റെ പരുക്കൻ അടവുകൾക്ക് എതിരെയും കാണികളുടെ പ്രതിഷേധം കണ്ടു. എന്നാൽ, മികച്ച മുന്നേറ്റം നടത്തിയിട്ടും ഗോൾ നേടാനാകാത്തതിന്റെ നിരാശയും കാണികൾ പങ്കുവെച്ചു. അവസാനം 59ാം മിനിറ്റിൽ ഇസ്സാം അൽ സാബി നിർണായക ഗോൾ നേടിയതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു. ഇതിനുശേഷം മലേഷ്യ ഒരു ഗോൾ മടക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. 89ാം മിനിറ്റിൽ മുഹ്സിൻ സാല അൽ ഗസാനിയുടെ ഗോളോടെ കാണികൾ തങ്ങളുടെ ടീമിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു.
അതേസമയം ഭൂരിഭാഗം കാണികളും ടീമിന്റെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയെങ്കിലും ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നാണ് പരക്കെയുള്ള അഭിപ്രായം. പ്രധാനമായും ഫിനിഷിങ്ങിലെ പോരായ്മയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കേവലം അഞ്ച് ദിവസത്തിനു ശേഷം മലേഷ്യയെ സ്വന്തം നാട്ടിൽ നേരിടുമ്പോൾ ഈ കളികൊണ്ട് കാര്യമില്ലെന്നും കാണികൾ പറഞ്ഞു. ആദ്യ മത്സരത്തിൽതന്നെ പുതിയ പരിശീലകൻ വിജയം സമ്മാനിച്ചതിൽ ആരാധകർ സന്തോഷത്തിലാണ്. സ്റ്റേഡിയത്തിൽ ഒമാനിലുള്ള പ്രവാസികളായ മലേഷ്യക്കാരും സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയിരുന്നു. കാണികൾക്കായി നറുക്കെടുപ്പിലൂടെ ആറ് കാറുകളാണ് സ്റ്റേഡിയത്തിൽവെച്ച് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.