മസ്കത്ത്: നൊമ്പരങ്ങളും നോവുകളും സങ്കടവും സന്തോഷവും പങ്കുവെക്കാനുള്ള ഏക ആശ്രയം... ഓരോ സെക്കൻഡിനും തീവില... അതുവകവെക്കാതെ പ്രിയതമയും മാതാപിതാക്കളും മക്കളും അടക്കമുള്ള പ്രിയപ്പെട്ടവരുടെ ശബ്ദത്തിനായി കാതോർത്തിരുന്ന നിമിഷങ്ങൾ.. നീണ്ടകാലം പ്രതാപത്തിെൻറയും പ്രൗഢിയുടെയും കഥകൾ മാത്രം പറയാനുണ്ടായിരുന്ന പൊതു ടെലിഫോൺ ബൂത്തുകൾ ഒന്നരപ്പതിറ്റാണ്ടായി ആർക്കും വേണ്ടാതെ കിടക്കുന്നു.
2005ന് മുമ്പുവരെ പാതിരാക്കുപോലും തിക്കും തിരക്കും അനുഭവപ്പെട്ടിരുന്ന ഈ ബൂത്തുകൾ തിരിഞ്ഞു നോക്കാൻപോലും ഇപ്പോൾ ആളില്ല. പഴയ ആളുകൾക്ക് ഏറെ കഥകൾ പറയാനുള്ള ഇത്തരം ബൂത്തുകൾ പുതിയ തലമുറക്ക് കൗതുക വസ്തു പോലുമല്ല. അക്കാലത്തുണ്ടായിരുന്ന മനോഹരമായ ഫോൺ കാർഡുകൾ സൂക്ഷിച്ചു വെക്കുന്നവരുമുണ്ട്.
മൊബൈലുകൾ വ്യാപകമാവുന്നതിന് മുമ്പ് നാട്ടിലേക്കും തിരിച്ചും ഫോൺ ചെയ്യാൻ ഇത്തരം ബൂത്തുകളെയാണ് ആശ്രയിച്ചിരുന്നത്. വിളിക്കാൻ ഉപയോഗിച്ചിരുന്ന ഫോൺ കാർഡുകൾ സൂപ്പർമാർക്കറ്റുകളിലും കഫറ്റീരിയകളിലും ലഭ്യമായിരുന്നു. ഒരു റിയാലിെൻറ കാർഡിന് രണ്ട് മിനിറ്റും എതാനും സെക്കൻഡും മാത്രമാണ് വിളിക്കാൻ കഴിയുക.
വെള്ളിയാഴ്ചകളിൽ നിരക്കിളവുള്ളതിനാൽ ബൂത്തുകളിൽ എപ്പോഴും നീണ്ട നിരകൾ തന്നെ കാണാമായിരുന്നു. വരിയായി നിന്നായിരുന്നു പലരും വളിക്കാൻ ഊഴം കാത്തിരുന്നത്. ഫോൺ വിളിക്കുമ്പോഴുണ്ടാവുന്ന പരിഭവങ്ങളും പരാതികളുമൊക്കെ പിന്നിൽ നിൽക്കുന്നവർക്കും കേൾക്കാമായിരുന്നു. മറുനാട്ടിൽ ഫോൺ എടുക്കുന്നവർക്ക് ഇവ വ്യക്തമായി കേൾക്കാൻ കഴിയാത്തതിനാൽ ഏറെ ഉച്ചത്തിലായിരുന്നു സംസാരം.
അക്കാലത്ത് നാട്ടിൽ ഫോൺ കിട്ടാൻ പ്രയാസമായിരുന്നു. അഞ്ചും ആറും തവണ റീ ഡയൽ ചെയ്താലും ചിലപ്പോൾ കണക്ഷൻ കിട്ടില്ല. ഇത്തരം വേളകളിൽ പിന്നിലുള്ളവർ അസഹിഷ്ണുതയും ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുമായിരുന്നു. വരിയിൽ നിൽക്കുന്നവർക്കിടയിൽ വഴക്കും വക്കാണവും തള്ളലുമൊക്കെ സാധാരണവുമായിരുന്നു.
സ്വന്തം വീട്ടിൽ ഫോൺ ഇല്ലാത്തവർ അടുത്ത വീട്ടിലേക്ക് വിളിച്ചാണ് ഫോൺ ചെയ്യുന്നത്. ഇത്തരക്കാർ ഒരു പ്രാവശ്യം വിളിച്ച് വീണ്ടും രണ്ടാം വിളിക്കായി വരിയിൽ വീണ്ടും നിൽക്കുകയാണ് പതിവ്. ഓരോ നഗരങ്ങളിലും എവിടെയൊക്കെയാണ് ഫോൺ ബൂത്തുകൾ ഉള്ളതെന്നും എവിടെയൊക്കെ തിരക്ക് കുറയുമെന്നുമൊക്കെ പ്രവാസികൾക്ക് ധാരണയുണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ തിരക്ക് കുറഞ്ഞ ബൂത്തുകൾ കണ്ടെത്താൻ ഏറെ സമയമെടുക്കേണ്ടിയും വരും.
പെരുന്നാൾ അടക്കമുള്ള ഉത്സവവേളകളിലാണ് ബൂത്തുകളിൽ തിരക്ക് ഏറെ അനുഭവപ്പെടുന്നത്. നാട്ടിലുള്ളവർക്ക് ആശംസകൾ അറിയിക്കാൻ എല്ലാ പ്രവാസികളും പെരുന്നാൾ ദിവസങ്ങളിൽ നാട്ടിൽ വിളിക്കാറുണ്ട്. ഇത്തരം വേളകളിൽ അർധ രാത്രിപോലും ബൂത്തുകളിൽ തിരക്കായിരുന്നു. പുലർച്ചെ മൂന്നു മണിക്കും നാലു മണിക്കുമൊക്കെയാണ് ഇവർ നാട്ടിലേക്ക് വിളിക്കുന്നത്.
ഓരോ ബൂത്തിലും പത്തും ഇരുപതും പേർ വരിയിലുണ്ടാവും. പെരുന്നാൾ ദിവസങ്ങളിലും മറ്റും നാട്ടിലേക്ക് വിളിക്കുക എന്നത് വലിയ സാഹസം തന്നെയായിരുന്നു.
ഇപ്പോല്ലൊം തൊട്ടരികിൽ...
വിഡിയോകോൾ സൗകര്യം വന്നതോടെ പ്രിയപ്പെട്ടവരെല്ലാം അകലെയാണെങ്കിലും അരികിലുള്ള പ്രതീതിയിലാണ് പ്രവാസികൾ. ഇപ്പോൾ അങ്ങിങ്ങ് കാണുന്ന ബൂത്തുകളുടെ മറ്റൊരു രൂപമായിരുന്നു ആദ്യമുണ്ടായിരുന്നത്. പുതിയ ബൂത്തുകൾ മൂന്നു വർഷം മാത്രമായിരുന്നു ജനങ്ങൾ ഉപയോഗിച്ചത്. രണ്ടായിരത്തിൽ മൊബൈൽ ഫോണുകൾ പ്രചാരത്തിൽ വന്നതോടെ സ്ഥിതിഗതികൾ ആകെ മാറി. ഹുണ്ടി കോളുകളും ഇൻറർനെറ്റ് കഫേകൾ വഴിയുള്ള കോളുകളും നിലവിൽ വന്നതോടെ ജനങ്ങൾ പതുക്കെ ബൂത്തുകൾ മറന്നു തുടങ്ങി.
മൊബൈലിൽ പ്രത്യേക കാർഡുകൾ ഉപയോഗിച്ചുള്ള ഏറെ നിരക്കുകൾ കുറഞ്ഞ കാളുകൾ ലഭ്യമായി. ഇതോടെ ബൂത്തുകൾ വെറും നോക്കുകുത്തിയായി മാറി. ആൻഡ്രോയിഡ് ഫോണുകൾ നിലവിൽ വന്നതോടെ ഫോൺ വിളികളുടെ രൂപം തന്നെ മാറി. വിഡിയോ കോൾ അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ വന്നതോടെ ഒരു കാലത്ത് ഏറെ പ്രതാപിയായിരുന്ന ബൂത്തുകൾ പൊളിച്ചു മാറ്റുന്നതും കാത്തിരിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.