മസ്കത്ത്: ദുകം എണ്ണശുദ്ധീകരണശാലയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. നിശ്ചയിച്ച സമയത്തുതന്നെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം അവസാനമോ 2022െൻറ തുടക്കത്തിലോ റിഫൈനറി പ്രവർത്തനമാരംഭിക്കുമെന്ന് അന്താരാഷ്ട്ര വെബ്സൈറ്റായ ആർഗസ് മീഡിയ പ്രസിദ്ധീകരിച്ച ഒമാൻ എണ്ണ- ധാതു വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിയുമായുള്ള അഭിമുഖ റിപ്പോർട്ട് പറയുന്നു.
ഒമാെൻറ തെക്കുകിഴക്ക് തീരത്ത് ദുകം സാമ്പത്തിക മേഖലയിലെ തന്ത്രപ്രധാന പദ്ധതിയാണ് എണ്ണ ശുദ്ധീകരണ ശാല. ഏഴ് ശതകോടി ഡോളർ ചെലവിൽ നിർമിക്കുന്ന ഗ്രീൻഫീൽഡ് റിഫൈനറി ഒമാൻ ഒായിൽ കമ്പനിയുടെയും കുവൈത്ത് പെട്രോളിയം ഇൻറർനാഷനലിെൻറയും സംയുക്ത സംരംഭമാണ്. ഇതോടൊപ്പം പെട്രോകെമിക്കൽ കോംപ്ലക്സും നിർമിക്കുന്നുണ്ട്. 15 ശതകോടി ഡോളറാണ് പദ്ധതികളുടെ മൊത്തം നിക്ഷേപം. പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ, മറ്റു സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി വലിയ തോതിൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ശേഷിയുള്ളതാണ് പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിദിനം 2.30 ലക്ഷം ബാരൽ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ളതാണ് റിഫൈനറി. വിവിധയിനങ്ങളിലുള്ള ക്രൂഡോയിൽ സംസ്കരിച്ച് ഡീസൽ, വിമാന ഇന്ധനം, നാഫ്ത, എൽ.പി.ജി എന്നിവയാണ് ഉൽപാദിപ്പിക്കുക.
കോവിഡ് പശ്ചാത്തലത്തിലും ഇവിടെ തടസ്സമില്ലാതെ മുൻകരുതൽ നടപടികൾ പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ജൂലൈ അവസാനം വരെ 65 ശതമാനത്തോളം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ദുകം തുറമുഖത്തെ ഒായിൽ ബെർത്തിെൻറയും റാസ് മർകസിലെ ക്രൂഡോയിൽ സംഭരണ കേന്ദ്രത്തിെൻറയും നിർമാണവും പുരോഗമിക്കുകയാണ്. ദുകം റിഫൈനറിയിലേക്കുള്ള ക്രൂഡോയിൽ സംഭരിക്കാനാണ് റാസ് മർകസിലെ സംഭരണ കേന്ദ്രം നിർമിക്കുന്നത്. ആറ് ദശലക്ഷം ബാരലാണ് ഇവിടെ ശേഖരിക്കാനാവുക. 65 ശതമാനം കുവൈത്തി ക്രൂഡും 35 ശതമാനം ഒമാനും ക്രൂഡുമാണ് സംസ്കരണത്തിനായി ഉപയോഗിക്കുക. റാസ് മർകസിൽ നിന്ന് 80 കിലോമീറ്റർ നീളുന്ന പൈപ്പ്ലൈനിലൂടെയാകും ക്രൂഡോയിൽ റിഫൈനറിയിൽ എത്തിക്കുക. അടുത്ത വർഷം പകുതിയോടെ ഇൗ പൈപ്പ്ലൈൻ കമീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ക്രൂഡോയിൽ സംഭരണ കേന്ദ്രത്തിെൻറ ശേഷി വർധിപ്പിക്കാനും സാധിക്കും.
രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ ഏറെ പ്രധാനപ്പെട്ട പങ്കാളിത്തമാണ് പദ്ധതി വഹിക്കുക. റിഫൈനറിക്ക് അനുബന്ധമായുള്ള ഡൗൺസ്ട്രീം പെട്രോകെമിക്കൽ കോംപ്ലക്സിെൻറ നിർമാണം 2022 ആദ്യത്തിലാണ് തുടങ്ങുക. ഇൻറഗ്രേറ്റഡ് പെട്രോകെമിക്കൽ പ്ലാൻറ് 2026ഒാടെയാകും പ്രവർത്തന സജ്ജമാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.