സുഹാർ: കാഴ്ചകളുടെ പറുദീസ തേടി പ്രവാസികൾ സഞ്ചരിക്കാത്ത മേഖലകളില്ല. അതിന് പിൻബലം നൽകുന്ന ഭൂപ്രദേശം കൂടിയാണ് ഒമാൻ.
കാഴ്ചകൾ ഏറെയുള്ള ഈ രാജ്യത്ത് ഓരോ വിലായത്തിലും കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന നിറകാഴ്ചകളുണ്ട്. അതിലൊന്നാണ് ഐൻ ശഹബാനിൽ സൾഫർ വാദി, അതായത് നീലത്തടാകം. സുഹാറിലെ ഫലജിൽനിന്ന് ബുറൈമിയിലേക്കുള്ള റോഡിൽ 35 കി. മീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. പാറകൾക്കിടയിൽ വളഞ്ഞൊഴുകുന്ന ഈ തടാകം ഭൂമിയിലെ അനുഗ്രഹീത നീരുറവയാണ്.
ബുറൈമി റോഡിൽ നിന്ന് മൈനിങ് കമ്പനി കഴിഞ്ഞാൽ മറു ഭാഗത്തേക്ക് തുരങ്കത്തിലൂടെ കടന്നാൽ ഈ പ്രദേശത്തെ മൺപാതയിലെത്താം. അവിടുന്ന് 11 കി.മീ കയറ്റവും ഇറക്കവും വളവും താണ്ടിയാൽ മരുഭൂമിയിലെ അത്ഭുതമായി ഒഴുകുന്ന സൾഫർ വാദിയുടെ അരികിലെത്താം. ഗൂഗ്ളിൽ വാദി ശഹബാൻ രേഖപ്പെടുത്തിയാൽ കൃത്യമായിയെത്താം.
നിറവും തെളിമയും കണ്ടാസ്വദിക്കുകയും വാദിയിൽ ഇറങ്ങി കുളിക്കുകയുമാവാം. കുടുംബങ്ങളുടെ അവധി ആഘോഷം സൾഫറിലാക്കാറാണ് പതിവെന്നു സുഹാറിൽ ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി സഹൂർ പറയുന്നു. വലിയ ആഴമില്ലാത്ത ഈ വെള്ളത്തിൽ കുട്ടികൾക്കടക്കം കുളിക്കാനും കളിക്കാനും പറ്റുമെന്നും അദ്ദേഹം പറഞ്ഞു. നീല നിറവും പാലും ചേർത്തത് പോലെയാണ് വെള്ളത്തിന്റെ നിറം. പാറക്ക് മുകളിൽനിന്ന് വരുന്ന തെളിമയുള്ള വെള്ളമാണിത്. അത് താഴെ പതിച്ചു പാറയിടുക്കിൽ ചേരുമ്പോഴാണ് സൾഫർ കൂടിച്ചേരുന്നതും വെള്ളത്തിന്റെ നിറം മാറുന്നതും.
പാറയിലും മണലിലും അടങ്ങിയ സൾഫർ ആയിരിക്കാം നിറം മാറ്റത്തിനു കാരണം. ചർമ സംബന്ധമായ അസുഖത്തിനും മുടിയുടെ വളർച്ചക്കും സൾഫർ വെള്ളത്തിലെ കുളി നല്ലതാണെന്ന് പലപ്പോഴും സൾഫർ വാദിയിൽ പോയിട്ടുള്ള വ്ലോഗർ കൂടിയായ റഷീദ് പറയുന്നു.
മലയാളികൾ എന്നും വെള്ളവും കുളിയും തേടിപ്പോകുന്നവരാണ്. അതുകൊണ്ട് തന്നെ ദൂര ദിക്കിൽ നിന്നും സന്ദർശകരെത്തുന്നു. തൊട്ടടുത്തു കടകൾ ഒന്നും ഇല്ലാത്തതിനാൽ വെള്ളവും സ്നാക്സും കരുതണം.
മസ്കത്തിലെ ബിദ് ബിദ് ഭാഗത്ത് ഇതുപോലെ സൾഫർ വാദി ഉണ്ട്. അവധി ദിവസങ്ങളിൽ കുളിക്കാൻ എത്തുന്നവർ സന്തോഷത്തോടെയും നല്ല ഒരു 'ഔഷധക്കുളി'യുടെ ഊർജവുമായാണ് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.