മസ്കത്ത്: റിയാലിന്റ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് 217 രൂപ കടന്നു. ഒരു റിയാലിന് 217. 10 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വെള്ളിയാഴ്ച നൽകിയത്. ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്കുകൾ തന്നെയാണ് ലഭിക്കുക. എന്നാൽ റിയാലിന്റെ വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് 217.30 എന്ന നിരക്കാണ് കാണിക്കുന്നത്. വെള്ളിയാഴ്ചത്തെ വിനിമയ നിരക്കിലെ റെക്കോർഡ് കഴിഞ്ഞ ജൂൺ 20ന്റെ നിരക്കിന് തുല്യമാണ്.
വിനിമയ നിരക്ക് 217 കടന്നിട്ടും വിനിമയ സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് വിനിമയ സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. മാസത്തിന്റെ മധ്യം ആയതിനാൽ ആരുടെ കൈയിലും പണം ഇല്ലെന്നതാണ് പ്രധാന കാരണം. കുറഞ്ഞ ശമ്പളക്കാർ മാസത്തിന്റെ ആദ്യ പാദത്തിലാണ് ശമ്പളം നാട്ടിലേക്ക് അയക്കുക. നല്ല നിരക്കിനായി കാത്തിരുന്നവർ ഒരു റിയാലിന് 217 രൂപ എന്ന നിരക്ക് വന്നപ്പോൾതന്നെ പണം നാട്ടിലേക്ക് അയച്ചിരുന്നു. വേനൽ അവധിയായതിനാൽ കുടുംബ സമേതം ഒമാനിൽ കഴിയുന്ന വലിയ വിഭാഗം നാട്ടിലാണ്.
ഇവർ താരതമ്യോന ഉയർന്ന വരുമാനക്കാരുമാണ്. ഇക്കാരണങ്ങളാൽ വിനിമയ നിരക്ക് സർവകാല റെക്കോർഡിനടുത്തെത്തിയിട്ടും വിനിമയ സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നില്ല. അതോടെ സ്വന്തം അക്കൗണ്ടുകളിൽനിന്ന് നേരിട്ട് ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് വിനിമയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതില്ല.
അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതാണ് ഇന്ത്യൻ രൂപ തകരാൻ കാരണം. ഒരു ഡോളറിന്റെ വില വെള്ളിയാഴ്ച 83.66 രൂപ എന്ന നിരക്കിലെത്തി. വ്യാഴാഴ്ച ഡോളറിന്റെ വില 53.65 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ 0.1 ശതമാനം ഇടിവാണ് ഇന്ത്യൻ രൂപക്കുണ്ടായത്. കഴിഞ്ഞ ജൂൺ 20 നാണ് ഇന്ത്യൻ രൂപ സമാന നിരക്കിലെത്തിയത്.
എന്നാൽ ഇന്ത്യൻ രൂപ ഇനിയും തകരാമെന്നും ഡോളറിന്റെ വില 83.70 മുതൽ 83.75 വരെ എത്താമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. അതോടെ റിയാലിന്റെ വിനിമയ നിരക്ക് ഇനിയും ഉയരാനും സാധ്യതയുണ്ട്. ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും ഇടിയേണ്ടതായിരുന്നു. റിസർവ്വ് ബാങ്ക് ഇടപെടുകയും 500 ദശലക്ഷം ഡോളർ മാർക്കറ്റിൽ ഇറക്കുകയും ചെയ്തതുകൊണ്ടാണ് ഇന്ത്യൻ രൂപ രക്ഷപ്പെട്ടത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെ ഏഷ്യൻ രാജ്യങ്ങളുടെ കറൻസികളെല്ലാം ശക്തി കുറഞ്ഞിട്ടുണ്ട്. തായ്ലന്റിന്റെ ബഹതിന് 0.5 ശതമാനം തകർച്ചയാണുണ്ടായത്. എന്നാൽ അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുകയും ഡോളർ ഇന്റക്സ് 104.3 എന്ന പോയിന്റിലെത്തുകയും ചെയ്തു. അമേരിക്കൻ ഡോളറിന്റെ 0.2 ശതമാനം വളർച്ചയാണ് ഇത് കാണിക്കുന്നത്.
ഇത് നാല് മാസത്തിനുള്ളിലെ ഏറ്റവും വലിയ തിരിച്ചു വരവാണ്. ഇന്ത്യൻ ഓഹരി വിപണിയും വൻ തകർച്ചയാണ് നേരിടുന്നത്. വിപണിയിൽനിന്ന് ഡോളർ വിദേശത്തേക്ക് ഒഴുകുന്നത് വർധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ എണ്ണ വിലയിലുള്ള ചെറിയ ഉയർച്ചപോലും പ്രതികൂലമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.