മസ്കത്ത്: ഏപ്രിൽ 22ന് പെരുന്നാൾ ആവാനുള്ള സാധ്യത മുൻ നിർത്തി ഒമാനിൽ ഒമ്പത് ദിവസത്തെ പൊതു അവധി പ്രതീക്ഷിച്ച് പ്രവാസികൾ. ശനിയാഴ്ച പെരുന്നാൾ ആവുകയാണെങ്കിൽ ഞായറാഴ്ച മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾ അവധി ലഭിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
അങ്ങനെയാണെങ്കിൽ അവധി ആരംഭിക്കുന്നതിനും മുമ്പും അവധിക്ക് ശേഷവുമുള്ള രണ്ട് വാരാന്ത്യ അവധി ദിവസങ്ങൾ കൂടി ചേർത്ത് ഒമ്പത് ദിവസത്തെ അവധി ലഭിക്കുമെന്നാണ് പ്രവാസികൾ കണക്കുകൂട്ടുന്നത്. ഇത് മുന്നിൽ കണ്ട് അവധി ആഘോഷ പരിപാടികൾക്ക് തയാറെടുക്കുന്നവരും നിരവധിയാണ്. എന്നാൽ പെരുന്നാൾ അവധി സംബന്ധമായ ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
നീണ്ട ഒരാഴ്ച അവധി ലഭിക്കുമോ എന്ന് സംശയിക്കുന്നവരും നിരവധിയാണ്. ചില വാർത്ത മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒമ്പത് ദിവസം അവധി ലഭിക്കും എന്ന രീതിയിൽ വാർത്ത വന്നതാണ് പലർക്കും പ്രതീക്ഷ നൽകുന്നത്. ഒമ്പത് ദിവസം അവധി ലഭിക്കുകയാണെങ്കിൽ നാട്ടിൽ പോയി പെരുന്നാൾ ആഘോഷിക്കാനുള്ള പദ്ധതിയുള്ളവരും നിരവധിയാണ്.
ഇതോടൊപ്പം വാർഷിക അവധി കൂടി ചേർത്ത് കൂടുതൽ ദിവസം നാട്ടിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. വിമാനക്കമ്പനികൾ കേരള സെക്ടറിലേക്ക് നിരക്കുകൾ കുറച്ചതാണ് പലർക്കും അനുഗ്രഹമാവുന്നത്. അവധി അടുക്കുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികൾ നിരക്കുകൾ മെല്ലെ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട്ടേക്ക് വൺ വേക്ക് 37 റിയാൽ നിരക്കുണ്ടായിരുന്നത് അടുത്ത ദിവസം മുതൽ ഉയരുകയാണ്. എങ്കിലും ഇപ്പോഴും കോഴിക്കോട്ടേക്കുള്ള ഈ മാസത്തെ കൂടിയ നിരക്കുകൾ 66 റിയാലാണ്. അവധിക്കാലത്ത് ജോർജിയ അടക്കമുള്ള രാജ്യങ്ങൾ സന്ദർശിക്കുന്നവരും നിരവധിയാണ്.
തുർക്കി പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണെങ്കിലും അടുത്തിടെ നടന്ന ഭൂകമ്പത്തിന്റെ പാശ്ചാത്തലത്തിൽ പലരും യാത്ര ഒഴിവാക്കുകയാണ്. ജോർജിയയിലേക്ക് വിസ ആവശ്യമില്ലാത്തതും താരതമ്യേന കുറഞ്ഞ ചെലവുമാണ് പലരെയും ആകർഷിക്കുന്നത്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ വിസ നിയമങ്ങളിൽ ഇളവ് വരുത്തിയത് അത്തരം ജി.സി.സി രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.