മസ്കത്ത്: മസ്കത്ത് നൈറ്റ്, മസ്കത്ത് ഈറ്റ്സ് അടക്കമുള്ള പരിപാടികളുടെ വിജയകരമായ നടത്തിപ്പിനുശേഷം സമ്മർ ഫെസ്റ്റുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ജൂൺ 28 മുതൽ ഒരു മാസക്കാലമാണ് വേനൽക്കാല ഉത്സവം നടക്കുക. വാണിജ്യ ഇനങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവ കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടി സംഘടിപ്പിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും ഫെസ്റ്റിവൽ സഹായകമാവും.
ആഭ്യന്തര വിനോദ സഞ്ചാരവും പ്രാദേശിക വ്യവസായവും പ്രോത്സാഹിപ്പിക്കുകയും അതിന് സാമൂഹികവും സാംസ്കാരികവുമായ ഇടം ഒരുക്കുകയും ഫെസ്റ്റിവലിന്റെ ലക്ഷ്യമാണ്.ഉത്സവം നടത്തുന്നതിന്റെ ഒന്നാം ഘട്ടമായി വിവിധ പരിപാടികളും വിനോദ ഇനങ്ങളും നടത്താൻ താൽപര്യമുള്ളവരിൽനിന്ന് കരാറുകൾ ക്ഷണിച്ചുകഴിഞ്ഞു. വേദികളുടെ രൂപ കൽപനയും അലങ്കാരവും ടെൻഡറിൽ ഉൾപ്പെടും.
കുട്ടികൾക്കും കുടുബങ്ങൾക്കുമുള്ള പരിപാടികളിലായിരിക്കും സമ്മർ ഫെസ്റ്റിവൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പരിപാടിയുടെ വേദികൾ അന്തിമ തീരുമാനമായില്ലെങ്കിലും അസൈബ ബീച്ച്, വടക്കൻ അൽ ഹൈൽ, സീബിലെ സൂർ അൽ ഹദീദ് എന്നീ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളത്.
പൊതുജനങ്ങളെ ബീച്ചുകൾ സന്ദർശിക്കാനും പ്രകൃതിയുമായി അടുത്തിണങ്ങാനും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. വീടുകളിൽനിന്ന് പുറത്തേക്കിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ബീച്ചുകളിൽ നടക്കുന്ന വിനോദ പരിപാടികളിൽ അവരെ പങ്കാളികളാക്കുകയുമാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. പൊതുജനങ്ങൾ ഉത്സവ വേദികളിലേക്ക് ഒഴുകിയെത്തുമെന്നും വേദികളിലെ ഗെയിമുകളും മറ്റ് വിനോദ ഇനങ്ങളും അവർ ആസ്വദിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.
മസ്കത്ത് മുനിസിപ്പാലിറ്റി കോവിഡിനുശേഷം നിരവധി പരിപാടികൾ സംഘടിപ്പിച്ചിരിന്നു. മൂന്നുവർഷത്തെ ഇടവേളക്കുശേഷം മസ്കത്ത് മുനസിപ്പാലിറ്റി സംഘടിപ്പിച്ച മസ്കത്ത് നൈറ്റ്സ് ഏറെ സന്ദർശകരെ ആകർഷിച്ചിരുന്നു. നേരത്തെ നടന്നിരുന്ന മസ്കത്ത് ഫെസ്റ്റിവലിന് പകരമാണ് മസ്കത്ത് നൈറ്റ് സംഘടിപ്പിച്ചത്. ജനുവരി 19 മുതൽ ഫെബ്രുവരി നാലുവരെ ഖുറം നാച്വറൽ പാർക്ക്, നാസീം ഗാർഡൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സി ബിഷൻ സെൻറർ, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മസ്കത്ത് നൈറ്റ്സ് അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.