മസ്കത്ത്: ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യ ചാർട്ടർ വിമാനം സലാലയിലെത്തി. ഇതോടെ ദോഫാറിലെ ശൈത്യകാല ടൂറിസം സീസണിന് തുടക്കമായി. 183 ടൂറിസ്റ്റുകളാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ശൈത്യകാലത്ത് ദോഫാറിലേക്കുള്ള സന്ദർശകരുടെ എണ്ണം 18.4 ശതമാനം വർധിച്ചതായാണ് പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്.
വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 239 ചാർട്ടർ വിമാനങ്ങളാണ് സലാല വിമാനത്താവളത്തിലെത്തിയത്. ത്രീ, ഫോർ സ്റ്റാർ ഹോട്ടലുകളിലെ താമസ നിരക്ക് കഴിഞ്ഞ സീസണിൽ 95 ശതമാനം എത്തുകയും ചെയ്തു.
താമസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം, ജബൽ സംഹാനിലെ ഹേവാർ ഗുഹ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതിലും സാഹസിക ടൂറിസം സൈറ്റുകൾ നവീകരിക്കുന്നതിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും റിയാദ കാർഡ് ഉടമകൾക്കും അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിൽ പുരാവസ്തുക്കളും ഗിഫ്റ്റുകളും കരകൗശല വസ്തുക്കളും വിൽക്കാൻ ഇടം നൽകാനും പദ്ധതിയുണ്ട്.
ദോഫാറിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള ഊർജിത ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതിനായി ഗൾഫിനെയും അന്താരാഷ്ട്ര വിപണികളെയും ലക്ഷ്യമിട്ട് പ്രമോഷനൽ കാമ്പയിനുകളും മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.
സർബ് സീസൺ തുടങ്ങിയതോടെ നല്ല കാലാവസ്ഥയാണ് നിലവിൽ ദോഫാറിൽ അനുഭവപ്പെടുന്നത്. സെപ്റ്റംബർ 21 മുതൽ ഡിസംബർ 21 വരെയുള്ള കാലംവരേയാണ് സർബ് സീസൺ. ഈ ദിനങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള കാലാവസ്ഥയായിരിക്കും ഇവിടത്തേത്.
സൂര്യന്റെ തെളിച്ചം, മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം എന്നിവയാണ് സർബിലെ അന്തരീക്ഷത്തിന്റെ സവിശേഷത. ഖരീഫ് മൂടൽമഞ്ഞ് മായുകയും പൂക്കൾ വിരിയുകയും ചെയ്യും.
കടലിലെ ശാന്തമായ തിരമാലകൾക്ക് പുറമേ മനോഹരമായ പ്രകൃതിയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിയും. ശരത്കാല മൺസൂൺ മഴയെ ആശ്രയിക്കുന്ന പർവതപ്രദേശങ്ങളിലെയും സമതലപ്രദേശങ്ങളിലെയും കാർഷിക വിളവെടുപ്പ് കാരണം കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലികളെ വളർത്തുന്നവർ എന്നിവരുടെ പ്രധാന സീസണുകളിലൊന്നായാണ് സർബിനെ കണക്കാക്കുന്നത്.
പകൽ സമയത്ത് മലനിരകളിൽ 20 ഡിഗ്രി സെൽഷ്യസും താഴ്ന്ന പ്രദേശങ്ങളിൽ 26-28 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. സലാലയിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളും ബീച്ചുകളും ചരിവുകളും വാദി നഹിസ്, വാദി ദർബത്ത്, വാദി ഗയ്ദത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ഒട്ടകങ്ങളും ഈ സീസണിൽ നിറയാറുണ്ട്.
ഈ വർഷം ഖരീഫിനായി ദോഫാർ ഗവർണറേറ്റിൽ വിദേശ-സ്വദേശി വിനോദസഞ്ചാരികൾ ധാരാളമായി എത്തിയിരുന്നു. സീസൺ ആരംഭിച്ച ജൂൺ മുതൽ ആഗസ്റ്റ് 31 വരെ 10,06,635 സന്ദർശകരാണ് എത്തിയിരിക്കുന്നത്. മുൻവർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 8.7 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
2023ൽ ഇതേ കാലയളവിൽ 9,24,127 സന്ദർശകരായിരുന്നു ഗവർണറേറ്റിന്റെ പച്ചപിടിച്ച സൗന്ദര്യം നുകരാനായി എത്തിയിരുന്നത്. ഈ വർഷത്തെ സന്ദർശകരിൽ 7,53,105 സ്വദേശി പൗരൻമാരും 1,76,162 ജി.സി.സി പൗരന്മാരും 1,21,767 മറ്റു രാജ്യക്കാരുമാണുള്ളത്.
വിമാനമാർഗം ദോഫാറിൽ എത്തുന്നവരുടെ എണ്ണത്തിലും ഉയർച്ചയാണുണ്ടായിരിക്കുന്നതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2023ലെ 2,09,528ൽനിന്ന് 5.2 ശതമാനം വർധിച്ച് 2,20,528 ആയി ഉയർന്നു വിമാന യാത്രക്കാർ. 7,76,107 യാത്രക്കാർ റോഡ് വഴിയാണ് വന്നത്.
ആഗസ്റ്റിൽ 5,93,513 പേർ, ജൂലൈയിൽ 3,93,829 പേർ, ജൂണിലെ ഒമ്പത് ദിവസങ്ങളിൽ 19,293 പേരും എത്തി.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം മികച്ച സീസണായിരുന്നുവെന്ന് കച്ചവടക്കാരും മറ്റും സാക്ഷ്യപ്പെടുത്തുന്നു. തുടർച്ചയായി പെയ്ത മഴയും കോടമഞ്ഞും തണുപ്പുമെല്ലാം സഞ്ചാരികൾക്ക് മികച്ച അനുഭവമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.