മസ്കത്ത്: ടൂറിസം മേഖലയിൽ പ്രതീക്ഷയുടെ തിരയിളക്കി ഈ സീസണിലെ ആദ്യ ആഡംബര കപ്പൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ടു. ചൊവ്വാഴ്ച തുറമുഖത്തെത്തിയ കപ്പലിന് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. തൊട്ടടുത്ത ദിവസങ്ങളിൽ നിരവധി കപ്പലുകൾ മത്ര തുറമുഖത്തണയും. ഈ മാസം 27ന് മെയ്ൻ ഷിഫും 28ന് അയിഡബെല്ലയുമാണ് എത്തുന്ന കപ്പലുകൾ. നവംബറിൽ ആയിദ കോസ്മയടക്കമുള്ള വൻ വിനോദസഞ്ചാര കപ്പലുകൾ എത്തുന്നുണ്ട്. ആറായിരത്തിലധികം സഞ്ചാരികൾ ആയിദ കോസ്മയിലുണ്ടാകും. എം.എസ്.സി വിർടോസയിൽ 5700ലധികവും ഐദ പ്രിമിയയിൽ മൂവായിരത്തിലധികം യാത്രക്കാരുണ്ടാവും. ഖസബ് തുറമുഖത്ത് അടുത്ത മാസം ഒന്നു മുതലാണ് വിനോദസഞ്ചാര കപ്പലുകൾ എത്തിത്തുടങ്ങുക.
കഴിഞ്ഞ വർഷം 74 ആഡംബര കപ്പലുകളിലായി 1,49,000 യാത്രക്കാരാണ് മത്ര തുറമുഖത്ത് എത്തിയിരുന്നത്. ഇവരുടെ യാത്രയിലൂടെ നാലു ദശലക്ഷം റിയാലിന്റെ നേട്ടമാണ് രാജ്യത്തിനുണ്ടായത്. ഒമാൻ പൈതൃക ടൂറിസം മന്ത്രാലയവും ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കമ്പനിയുമായി സഹകരിച്ച് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുന്നതിനുള്ള മാർഗങ്ങൾ തേടുന്നുണ്ട്. കപ്പലിലൂടെ വിനോദസഞ്ചാരികൾക്ക് എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി ഒമാനെ മാറ്റാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ 3165 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം ഇതിന് അനുയോജ്യമായിരിക്കും. . മൂന്നു വർഷത്തെ ഇടവേളക്കുശേഷം വിനോദസഞ്ചാര സീസണിൽ മസ്കത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളും ഈ വർഷം ഉണ്ടാവും. ബ്രിട്ടീഷ് എയർവേസിന്റെ കീഴിലുള്ള ടി.യു.ഐ എയർവേസാണ് ചാർട്ടേഡ് വിമാന സർവിസ് നടത്തുന്നത്. ലണ്ടനിൽനിന്ന് ആദ്യ വിമാനം അടുത്തമാസം 30ന് മസ്കത്തിലെത്തും. ഡിസംബർ ഒന്നിന് ഇത്തരം രണ്ടു വിമാനങ്ങൾ മസ്കത്തിൽ എത്തും.
ആഡംബര കപ്പലുകൾ എത്തുന്നതോടെ മത്രയിൽ ആഘോഷ പ്രതീതിയുണ്ടാവും. മത്ര സൂഖിലാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത്. ഇത് വ്യാപാര മേഖലക്ക് വലിയ അനുഗ്രഹമാവും. അടുത്ത ദിവസം വരെ ഉറങ്ങിക്കിടക്കുകയായിരുന്ന മത്ര സൂഖ് ഉണരാൻ തുടങ്ങി. സൂഖിലെ വ്യാപാരികൾ ടൂറിസ്റ്റുകളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. വ്യാപാരം മന്ദഗതിയിലായതിനാൽ അവധിയെടുത്ത് നാട്ടിൽ പോയ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാർ തിരിച്ചെത്താൻ തുടങ്ങിയിട്ടുണ്ട്. മത്രയിലെത്തുന്ന വിനോദസഞ്ചാരികൾ സൂഖിന്റെ സൗന്ദര്യം ആസ്വദിക്കുകയും ഉൽപന്നങ്ങൾ വാങ്ങുകയും ചെയ്യാറുണ്ട്. ഒമാനികളുടെ ഡ്രസുകൾ, തൊപ്പി തുടങ്ങിയവരും ഒമാനിൽ മാത്രം കിട്ടുന്ന ഉൽപന്നങ്ങളുമാണ് ഇവർ വാങ്ങിക്കൂട്ടുന്നത്. ഏതായാലും മത്രയിലെ വ്യാപാരികൾക്ക് അടുത്ത അഞ്ചു മാസം വിനോദസഞ്ചാര സീസണായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.